മൊബൈൽ ഫോൺ തമാശയ്ക്ക് കൂട്ടുകാർ തട്ടിയെടുത്തതിനെത്തുടർന്ന് ആറാം ക്ളാസുകാരൻ വീടിനുള്ളിൽ തൂങ്ങിമരിച്ചു
വിഴിഞ്ഞം:ഓൺലൈൻ ക്ളാസിൽ പങ്കെടുക്കാൻ സ്കൂളിൽനിന്നു നൽകിയ മൊബൈൽ ഫോൺ തമാശയ്ക്ക് കൂട്ടുകാർ തട്ടിയെടുത്തതിനെത്തുടർന്ന് ആറാം ക്ളാസുകാരൻ വീടിനുള്ളിൽ തൂങ്ങിമരിച്ചു. വിഴിഞ്ഞം മുക്കോല മുടുപാറ കോളനിയിൽ വാടകയ്ക്കു താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ മനോജിന്റെയും നിജിയുടെയും മകൻ ആദിത്യനാ(12)ണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അമ്മ പുറത്തുപോയ സമയത്താണ് സംഭവം.
പോലീസ് പറയുന്നത്: വെങ്ങാനൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് രണ്ടാഴ്ച മുൻപ് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിന് ആദിത്യന് മൊബൈൽ ഫോൺ നൽകിയിരുന്നു. ഈ ഫോണുപയോഗിച്ചു കളിക്കുന്നതിനിടയിൽ മറ്റു കുട്ടികൾ തമാശയ്ക്ക് ഫോൺ തട്ടിയെടുത്തു. ഇതിന്റെ വിഷമത്തിൽ ആദിത്യൻ മുറിക്കുള്ളിൽ കയറി കതകടച്ചിരുന്നു.
“ഏറെനേരം കാണാത്തതിനെ തുടർന്ന് കുട്ടികൾ അയൽവീട്ടിലെത്തി കാര്യമറിയിച്ചു. അയൽക്കാരെത്തി മുറി തള്ളിത്തുറന്നപ്പോഴാണ് ജനാലയിൽ തൂങ്ങിനിൽക്കുന്ന കുട്ടിയെ കണ്ടത്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി. വിഴിഞ്ഞം പോലീസ് കേസെടുത്തു. അശ്വിൻ, അനന്യ എന്നിവർ സഹോദരങ്ങളാണ്.
വെങ്ങാനൂർ നീലകേശി ക്ഷേത്രത്തിനു സമീപം ഇവർ വീട് വയ്ക്കുന്നുണ്ട്. ഇവിടെ ജോലിചെയ്യുന്ന പണിക്കാർക്ക് വൈകീട്ടുള്ള ചായയും പലഹാരവുമായി അമ്മ നിജി പോയിരിക്കുകയായിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ ശേഷം ആദിത്യൻ ഇളയ സഹോദരങ്ങളുമായി കളിക്കുന്നതു കണ്ട ശേഷമാണ് അമ്മ നിജി വെങ്ങാനൂരിലേക്കു പോയത്. അച്ഛൻ മീൻപിടിക്കാനും പോയിരുന്നു