യുഡിഎഫിനെ തിരിച്ചുകൊണ്ടുവരാൻ ആകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
കൊച്ചി: കോൺഗ്രസിനെയും യുഡിഎഫിനെയും തിരിച്ചുകൊണ്ടുവരാൻ ആകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് സതീശൻ പറഞ്ഞു. പ്രവർത്തകർക്ക് ആത്മവിശ്വാസം പകരുക എന്നതാണ് ആദ്യ ദൗത്യം. ഇനി കഠിനാധ്വാനത്തിലൂടെ നാളുകൾ.
പൊതു ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കുകയാണ് ആദ്യ പദ്ധതി. പ്രതിപക്ഷത്തിൻ്റെ പരമ്പരാഗതമായ രീതികളിൽ മാറ്റം വരും. മാറ്റങ്ങൾ സഹപ്രവർത്തകരുമായി ചർച്ച ചെയ്ത് തീരുമാനിക്കും. ഗ്രൂപ്പിൻറെ ഭാഗമായിരുന്നു, പക്ഷേ ഇനി ഗ്രൂപ്പ് ചിന്ത മാറ്റി വയ്ക്കും. രമേശ് ചെന്നിത്തല തനിക്ക് ജ്യേഷ്ഠ സഹോദരനെ പോലെയാണ്. യുഡിഎഫ് വർഗീയശക്തികളെ ഇല്ലാതാക്കും.
ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും എതിർക്കും. കോവിഡിനേ നേരിടുന്നതിൽ സർക്കാരിന് ഒപ്പം നിൽക്കും. തെറ്റുകൾ നിയമസഭയിൽ ചൂണ്ടിക്കാട്ടുമെന്നും വിഡി സതീശൻ പ്രതിപക്ഷ നേതാവായ ശേഷം കൊച്ചിയിൽ നടത്തിയ ആദ്യ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.