രാജ്യത്തെ പൗരന്മാർ സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രമായി ‘ത്രിവർണ്ണ പതാക’ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി

ആഗസ്റ്റ് 2 മുതൽ 15 വരെ രാജ്യത്തെ പൗരന്മാർ സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രമായി ‘ത്രിവർണ്ണ പതാക’ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിലാണ്’ പ്രധാനമന്ത്രിയുടെ ആഹ്വനം. ഓഗസ്റ്റ് 13 മുതൽ 15 വരെ ‘ഹർ ഘർ തിരംഗ’ ക്യാമ്പയിനിൽ പങ്കുചേർന്ന് വീടുകളിൽ ദേശീയ പതാക ഉയർത്തണമെന്നും മോദി ഓർമിപ്പിച്ചു.

“ദേശീയ പതാക രൂപകൽപന ചെയ്ത പിംഗ്ലി വെങ്കയ്യയുടെ ജന്മദിനമാണ് ഓഗസ്റ്റ് 2. ആഗസ്റ്റ് 2 നും 15 നും ഇടയിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ‘ത്രിവർണ്ണ പതാക’ പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കണമെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാക്കുന്ന ഇന്ത്യ മഹത്തായതും ചരിത്രപരവുമായ ഒരു നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ്” – പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 91-ാമത് പതിപ്പിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

‘മൻ കി ബാത്തിൽ’ ഷഹീദ് ഉധം സിംഗിനും രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച മറ്റ് മഹത് വ്യക്തികൾക്കും പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു. ഇത്തവണത്തെ ‘മൻ കി ബാത്’ വളരെ പ്രത്യേകതയുള്ളതാണ്, കൂടാതെ ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുന്നതിനായി രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന നിരവധി പരിപാടികളെ കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. ‘മൻ കി ബാത്തിൽ’ ഇന്ത്യൻ റെയിൽവേയെക്കുറിച്ചുള്ള അതുല്യമായ വസ്തുതകൾ പങ്കുവെച്ച പ്രധാനമന്ത്രി, രാജ്യത്തെ യുവാക്കളുടെ സാധ്യതകളെക്കുറിച്ച് വിശദമായി സംസാരിച്ചു.