രാജ്യത്ത് 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

24 മണിക്കൂറിനിടെ 2,17,353 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1185 പേരുടെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യയിലെ ആകെ മരണങ്ങള്‍ 1,74,308 ആയി. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. 15,69,743 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ജൂണ്‍ ആദ്യവാരത്തോടെ പ്രതിദിനം 2,320 മരണങ്ങള്‍ ഉണ്ടായേക്കാമെന്ന് പഠന റിപ്പോര്‍ട്ട്. ലാന്‍സെറ്റ് കൊവിഡ് 19 കമ്മീഷന്‍ ഇന്ത്യാ ടാസ്‌ക് ഫോഴ്‌സ് ആണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്.

കൊവിഡ് വ്യാപനം തടയാനുള്ള ചില നിര്‍ദേശങ്ങളും പഠന റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചന. ഇന്ത്യയില്‍ കൊവിഡിന്റെ ആദ്യ തരംഗത്തില്‍ രോഗവ്യാപനം ഏറ്റവും രൂക്ഷമായത് ഓഗസ്റ്റ്- സെപ്തംബര്‍ കാലയളവിലായിരുന്നു. ഈ സമയത്ത് വൈറസ് ബാധിതരുടെ 75ശതമാനവും 60-100 ജില്ലകളില്‍ നിന്നായിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തില്‍ ഇത് 20-40 ജില്ലകളിലായെന്നും പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

കൊവിഡിന്റെ ആദ്യ തരംഗത്തെ അപേക്ഷിച്ച്‌ രണ്ടാംതരംഗത്തില്‍ പുതിയ കേസുകളുടെ വര്‍ദ്ധനവിന്റെ നിരക്ക് ഗണ്യമായി കൂടുതലാണ്.ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ ദിനംപ്രതി 10,000 മുതല്‍ 80,000 വരെ പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സെപ്തംബറില്‍ 83 ദിവസം കൊണ്ടായിരുന്നു ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.രണ്ടാം തരംഗത്തില്‍ മിക്കവര്‍ക്കും ചെറിയ രോഗ ലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളത്. അതിനാല്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയവരുടെ എണ്ണം താരതമ്യേന കുറവാണ്.

2.17 ലക്ഷം പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1.42 കോടി പിന്നിട്ടു.നിലവില്‍ പതിനഞ്ച് ലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 1.74 ലക്ഷം പേര്‍ മരിച്ചു.