രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്.

നിർണായക രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്. നാല് സംസ്ഥാനങ്ങളിലെ 16 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഹരിയാന, മഹാരാഷ്ട്ര, കർണാടക, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. സംസ്ഥാനങ്ങളിൽ പ്രത്യേക നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

57 രാജ്യസഭ സീറ്റുകളിൽ ഉത്തർപ്രദേശ്, തമിഴ്‌നാട്, ബീഹാർ, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, പഞ്ചാബ്, തെലങ്കാന, ജാർഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ 41 സ്ഥാനാർത്ഥികൾ കഴിഞ്ഞ വെള്ളിയാഴ്ച എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നാല് രാജ്യസഭ സീറ്റുളള രാജസ്ഥാനിൽ അഞ്ച് സ്ഥാനാർത്ഥിളാണ് മത്സര രം​ഗത്തുളളത്

മഹാരാഷ്ട്രയിലെ ആറ് രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏഴ് സ്ഥാനാർത്ഥികളാണ് ഇവിടെ മത്സരിക്കാൻ എത്തുന്നത്. സഞ്ജയ് റൗട്ട്, സഞ്ജയ് പവാർ എന്നീ രണ്ട് സ്ഥാനാർത്ഥികളെയാണ് ശിവസേന നിർത്തിയിരിക്കുന്നത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, അനിൽ ബോണ്ടെ, ധനഞ്ജയ് മഹാദിക് എന്നീ മൂന്ന് സ്ഥാനാർത്ഥികളെയാണ് പ്രതിപക്ഷമായ ബിജെപി മത്സരിപ്പിച്ചിരിക്കുന്നത്. ഭരണ സഖ്യകക്ഷികളായ എൻസിപിയും കോൺഗ്രസും പ്രഫുൽ പട്ടേലും ഇമ്രാൻ പ്രതാപ്ഗറിയും ഓരോ സ്ഥാനാർത്ഥികളെ വീതം നാമനിർദേശം ചെയ്തിട്ടുണ്ട്. ഒരു സ്ഥാനാർത്ഥിക്ക് ജയിക്കാനായി 42 വോട്ടുകളാണ് ഇവിടെ ആവശ്യം. 288 എം‌എൽ‌എമാർ വോട്ടുചെയ്യുന്ന ആറ് രാജ്യസഭാ സീറ്റുകളിൽ മൂന്നെണ്ണം വിജയിക്കാനുള്ള ശേഷി ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡിക്കുണ്ട്. 106 വോട്ടുകളാണ് ബിജെപിക്ക് ഉള്ളത്.