ലക്ഷദ്വീപിൽ12 മണിക്കൂർ നിരാഹാരസമരത്തിന്‌ തുടക്കമായി

കൊച്ചി: ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേറ്ററുടെ നടപടിയിൽ പ്രതിഷേധിച്ച്‌ ലക്ഷദ്വീപുനിവാസികൾ ഒന്നടങ്കം നടത്തുന്ന 12 മണിക്കൂർ നിരാഹാരസമരത്തിന്‌ തുടക്കമായി. കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ വീടുകളിലാണ്‌ 12 മണിക്കൂർ ഉപവാസം. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലുള്ള സമരത്തിന്‌, ദ്വീപിലെ എല്ലാ രാഷ്‌ട്രീയ പാർടികളുടെയും പിന്തുണയുണ്ട്‌.

നിരാഹാരം അനുഷ്ഠിക്കുന്നതിനൊപ്പം കച്ചവട സ്ഥാപനങ്ങള്‍ അടച്ചിട്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് വ്യാപാരികളുടെ തീരുമാനം. മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ ഇറക്കില്ലെന്ന് തൊഴിലാളികള്‍ അറിയിച്ചിട്ടുണ്ട്.

വാഹനങ്ങള്‍ നിരത്തിലിറക്കാതെയും ദ്വീപ് നിവാസികള്‍ പ്രതിഷേധിക്കും. കപ്പല്‍ ജീവനക്കാരും പണി മുടക്കും. ജനങ്ങള്‍ വീടുകളില്‍ വായമൂടിക്കെട്ടിയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും പ്രതിഷേധിക്കും.വിവാദ തീരുമാനങ്ങള്‍ പിന്‍വലിക്കും വരെ പ്രതിഷേധം തുടരും. ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എല്ലാ വില്ലേജ് ദ്വീപ് പഞ്ചായത്തുകളിലും രൂപവത്കരിച്ച സബ് കമ്മിറ്റികള്‍ സമര പരിപാടികള്‍ ഏകോപിപ്പിക്കും.