ലഹരിവിരുദ്ധ ക്യാമ്പയിന്‍ തുടര്‍പ്രക്രിയയാക്കും – മുഖ്യമന്ത്രി

ഒക്ടോബര്‍ 2ന് തുടക്കം കുറിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിന്‍ തുടര്‍പ്രക്രിയയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവംബര്‍
1 വരെ നീളുന്ന ആദ്യഘട്ട അനുഭവം വിലയിരുത്തി തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. സര്‍വ്വകക്ഷിയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പരിപാടികള്‍ക്ക് യോഗത്തില്‍ പങ്കെടുത്തവര്‍ പൂര്‍ണ്ണപിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തു.

സ്‌കൂളുകളില്‍ ബോധവല്‍ക്കരണം ശക്തമാക്കും. ആവശ്യത്തിനു കൗണ്‍സിലര്‍മാര്‍ ഉണ്ടാകും. കുട്ടികളുടെ പെരുമാറ്റത്തിലെ മാറ്റം മനസ്സിലാക്കാന്‍ അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കണം നടത്തും. അതിഥി തൊഴിലാളികള്‍ക്കിടയില്‍ അവരുടെ ഭാഷയില്‍ ബോധവല്‍ക്കരണം നടത്തും.

എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളായ പോലീസ്, എക്‌സൈസ്, നാര്‍ക്കോട്ടിക് സെല്‍ തുടങ്ങിയവ ഇടപെടല്‍ ശക്തമാക്കിയിട്ടുണ്ട്. കനത്ത ശിക്ഷ ഉറപ്പാക്കുന്നതിന് നിയമം കൂടുതല്‍ കര്‍ക്കശമാക്കി. മയക്കുമരുന്ന് കേസില്‍ പെടുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കിക്കഴിഞ്ഞു. കേസില്‍പ്പെട്ടാല്‍ നേരത്തെ സമാനമായ കേസില്‍ ഉള്‍പ്പെട്ട വിവരവും കോടതിയില്‍ സമര്‍പ്പിക്കും. ഇതിലൂടെ കൂടുതല്‍ ശിക്ഷ ഉറപ്പിക്കാനാകും. കാപ്പ മാതൃകയില്‍ ഇത്തരം കേസുകള്‍ക്ക് ബാധകമായ നിയമം നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.

അതിര്‍ത്തികളിലും റെയില്‍വേ സ്റ്റേഷനുകളിലും ജാഗ്രത ശക്തിപ്പെടുത്തും. സ്‌കൂളുകളിലും കടകളിലും ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ഫോണ്‍നമ്പര്‍ ഉള്‍പ്പെടെയുള്ള പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കും. വിവരം നല്‍കുന്നവരുടെ കാര്യം രഹസ്യമാക്കി സൂക്ഷിക്കും.

സ്‌കൂളുകളില്‍ പുറത്തു നിന്നു വരുന്നവരുടെ കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഡി- അഡിക് ഷന്‍ സെന്ററുകള്‍ വ്യാപിപ്പിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലും സെന്ററുകള്‍ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മയക്കുമരുന്ന് കേസുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. സിന്തറ്റിക് രാസലഹരി പോലുള്ളവയുടെ ഉപയോഗം വലിയ ഭീഷണിയാണ്. കുട്ടികളെ ലക്ഷ്യമിട്ട് ഭാവിതലമുറയെ മരവിപ്പിക്കാനാണ് ശ്രമം. ആണ്‍ – പെണ്‍ വ്യത്യാസമില്ലാതെ ലഹരി ഉപയോഗം നടക്കുകയാണ്. പൊതു ക്യാമ്പയിന്റെ ഭാഗമായി പുകവലി ശീലം മാറ്റാന്‍ നമുക്കായി. എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനം കാര്യക്ഷമാക്കിയതുകൊണ്ടുമാത്രം ലഹരി ഉപയോഗം പൂര്‍ണമായി നേരിടാനായില്ല. നാടൊന്നാകെയുള്ള ഇടപെടല്‍ ഇതിന് ആവശ്യമാണ്.

റസിഡന്റ്‌സ് അസോസിയേഷനുകള്‍, ക്ലബ്ബുകള്‍, ഗ്രന്ഥശാലകള്‍, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ എന്നിങ്ങനെ ഏതെല്ലാം കൂട്ടായ്മകള്‍ ഉണ്ടോ അവയൊക്കെ ഇതിന്റെ ഭാഗമാകണം.

സംസ്ഥാന, ജില്ലാ, പഞ്ചായത്ത്, വാര്‍ഡ്, സ്‌കൂള്‍തല സമിതികള്‍ രൂപീകരിച്ചുകഴിഞ്ഞു. അവയില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും ഉള്‍പ്പെട്ടുവെന്ന് ഉറപ്പാക്കണം. വിവിധ മേഖലകളിലെ പ്രമുഖരെയും പങ്കെടുപ്പിക്കണം. ഒരു മാസത്തേക്ക് നിശ്ചയിച്ച ലഹരിവിരുദ്ധ പരിപാടികള്‍ മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. എല്ലാ പരിപാടികളിലും രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ ആള്‍ക്കാരെ നല്ലരീതിയില്‍ പങ്കെടുപ്പിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്, കെ.കെ. ജയചന്ദ്രന്‍ (സി.പി.ഐ.എം) അഡ്വ. മരിയാപുരം ശ്രീകുമാര്‍ (കോണ്‍ഗ്രസ് ഐ), സത്യന്‍ മൊകേരി (സി.പി.ഐ), ബീമാപ്പള്ളി റഷീദ് (മുസ്ലീം ലീഗ്), ചെറിയാന്‍ പോളച്ചിറയ്ക്കല്‍ (കേരള കോണ്‍ഗ്രസ് എം), മാത്യു ടി തോമസ് എം.എല്‍.എ (ജനതാദള്‍ (സെക്യുലര്‍), മോന്‍സ് ജോസഫ് എം.എല്‍.എ (കേരളാ കോണ്‍ഗ്രസ്), കെ. ഷാജി (എന്‍.സി.പി.), രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍ഗ്രസ് എസ്.), പി.സി. ജോസഫ് (കേരള കോണ്‍ഗ്രസ്), എം.എം. മാഹിന്‍ (ഐഎന്‍എല്‍), കെ.ജി. പ്രേംജിത്ത് (കേരള കോണ്‍ഗ്രസ് ബി), ഷാജി ഫിലിപ്പ് (ആര്‍.എസ്.പി. ലെനിനിസ്റ്റ്), കരുമം സുന്ദരേശന്‍ (കേരള കോണ്‍ഗ്രസ് ജേക്കബ്), ബാലകൃഷ്ണപിള്ള (ആര്‍.എം.പി.), വര്‍ഗ്ഗീസ് ജോര്‍ജ് (ലോക് താന്ത്രിക് ജനതാദള്‍), കെ. ജയകുമാര്‍ (ആര്‍.എസ്.പി.) ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു, സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്, എ.ഡി.ജി.പി. വിജയ് സാഖ്‌റെ, എക്‌സൈസ് കമ്മിഷണര്‍ അനന്ത കൃഷ്ണന്‍, നിയമ സെക്രട്ടറി വി. ഹരി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.