ലൈഫ് മിഷൻ അഴിമതിക്കേസ്; സി.ബി.ഐ അന്വേഷണം തുടരും
ലൈഫ് മിഷൻ അഴിമതിക്കേസിൽ സി.ബി.ഐ അന്വേഷണം തുടരും. ഇതിന്റെ ഭാഗമായി സ്വർണക്കടത്ത് കേസിലെ പ്രതികളെ ചോദ്യം ചെയ്യും. പ്രതി സരിത്തിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. സരിത്തിനെ കൂടാതെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, സ്വപ്ന എന്നിവരെയും ചോദ്യം ചെയ്യും. അന്വേഷണം തുടരുന്നതിൽ തെറ്റില്ലെന്ന കോടതി നിർദ്ദേശത്തെ തുടർന്നാണ് അന്വേഷണം തുടരാനാണ് സി.ബി.ഐയുടെ തീരുമാനം. രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ സിബിഐ ഓഫീസിൽ ചോദ്യം ചെയ്യലിൻ ഹാജരാകാനാണ് സരിത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതി ഫ്ളാറ്റുകളുടെ നിർമ്മാണത്തിൻറെ മറവിൽ സർക്കാരും സ്വർണക്കടത്ത് കേസിലെ പ്രതികളും ചേർന്ന് കോടികൾ തട്ടിയെന്ന ആരോപണത്തിൽ സിബിഐ അന്വേഷണത്തിൻ ഹൈക്കോടതി ഉത്തരവിട്ടു. സി.ബി.ഐ അന്വേഷണം ആരംഭിച്ചതിൻ തൊട്ടുപിന്നാലെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുകയും പിന്നീട് കോടതിയിൽ എഫ്.ഐ.ആർ ഫയൽ ചെയ്യുകയും ചെയ്തു.
വിജിലൻസ് അന്വേഷണത്തിൻറെ പശ്ചാത്തലത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, സി.ബി.ഐ അന്വേഷണം തുടരാമെന്ന നിലപാടിലായിരുന്നു ഹൈക്കോടതി. തുടർന്ന് അപ്പീലുമായി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സി.ബി.ഐ അന്വേഷണം തുടരുന്നതിൽ തെറ്റില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ നേരത്തെ ആരംഭിച്ച അന്വേഷണം തുടരാനാണ് സി.ബി.ഐയുടെ തീരുമാനം. ഇതിൻറെ ഭാഗമായാണ് സ്വർണക്കടത്ത് കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നത്.