ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് ഇനി നരേന്ദ്ര മോദിയുടെ പേര്

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിന് ഇനി നരേന്ദ്ര മോദിയുടെ പേര്.

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുമ്പായി നവീകരിച്ച സ്റ്റേഡിയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഉദ്ഘാടനം ചെയ്തു.

ആഭ്യന്തരമന്ത്രി അമിത് ഷാ, കായിക മന്ത്രി കിരൺ റിജിജു, ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

നേരത്തെ സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയമെന്നായിരുന്നു മൊട്ടേരയിലെ സ്റ്റേഡിയം അറിയപ്പെട്ടിരുന്നത്. സർദാർ വല്ലഭായ് പട്ടേൽ സ്പോർട്സ് എൻക്ലേവിന്റെ ഭാഗമായാണ് സ്റ്റേഡിയം.

തൊണ്ണൂറായിരം പേര്‍ക്ക് ഇരിപ്പിടമുള്ള വിഖ്യാത മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തെയാണ് കപ്പാസിറ്റിയുടെ കാര്യത്തില്‍ അഹമ്മദാബാദ് സ്റ്റേഡിയം മറികടന്നിരിക്കുന്നത്. നാല് ഡ്രസിംഗ് റൂം അടക്കമുള്ള സൗകര്യങ്ങള്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നു. ആകെ കപ്പാസിറ്റിയുടെ 50 ശതമാനം(55,000) പേര്‍ പിങ്ക് ബോള്‍ ടെസ്റ്റ് കാണാനെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്