ലോക്ക് ഡൗണ്‍: അവശ്യസാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ കോര്‍പറേഷന്റെ കോള്‍ സെന്റര്‍
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് താങ്ങാവാന്‍ കോള്‍ സെന്ററുമായി കണ്ണൂര്‍ കോര്‍പറേഷന്‍. ലോക്ക്ഡൗണ്‍ വേളയില്‍ ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കോള്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. അത്യാവശ്യ മരുന്നുകള്‍, വീട്ടാവശ്യങ്ങള്‍ക്കായുള്ള മത്സ്യവും മാംസവും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍, കൊവിഡ് രോഗികള്‍ക്കുള്ള സഹായം തുടങ്ങിയവ മുടക്കമില്ലാതെ ലഭ്യമാക്കുന്നതിനുള്ള സംവിധാനം കോര്‍പ്പറേഷന്‍ കോള്‍ സെന്റര്‍ വഴി ഒരുക്കിയിട്ടുണ്ട്.
കോര്‍പ്പറേഷന്‍ പരിധിലുള്ളവര്‍ക്കാണ് നിലവില്‍ ഇതിന്റെ സേവനം ലഭിക്കുക. കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററില്‍ ജനങ്ങള്‍ക്ക് സേവനങ്ങള്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മൂന്ന് ഷിഫ്റ്റുകളിലായി അഞ്ച് പേര്‍ വീതം 24 മണിക്കൂറും കര്‍മനിരതരാണ്. ആവശ്യക്കാര്‍ സാധനങ്ങള്‍ക്കായി ഫോണില്‍ വിളിച്ച് പറയുന്ന മുറയ്ക്ക് അത് രേഖപ്പെടുത്തി ബന്ധപ്പെട്ട വാര്‍ഡ് കൗണ്‍സിലര്‍ക്ക് ലിസ്റ്റ് കൈമാറുകയാണ് ചെയ്യുന്നത്. ഓരോ വാര്‍ഡ് കൗണ്‍സിലറുടെയും നേതൃത്വത്തില്‍ ആറു പേരടങ്ങുന്ന സന്നദ്ധപ്രവര്‍കരുടെ സംഘം ഇവ സമാഹരിച്ച് വീടുകളില്‍ എത്തിച്ച് നല്‍കും.
സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി കോള്‍ സെന്ററിലെ 8075195462, 8075464303, 8075441507, 7012841616 എന്നീ നമ്പറുകളിലേക്ക് വിളിക്കാം. മുരുന്നുകള്‍ ലഭിക്കുന്നതിന് ഡോക്ടറുടെ കുറിപ്പ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ 8075333370 എന്ന നമ്പറിലേക്ക് വാട്‌സ് ആപ്പ് സന്ദേശം അയച്ചാല്‍ മതിയാവും. ഇതേ മാതൃകയില്‍ ജില്ലയിലെ നഗരസഭകളിലും ഗ്രാമ പഞ്ചായത്തുകളിലും ഹോം ഡെലിവറി സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ വളണ്ടിയര്‍ സേവനം ഉപയോഗപ്പെടുത്തിയാണ് ഇവിടങ്ങളില്‍ അവശ്യ സാധനങ്ങള്‍ വീടുകളിലെത്തിക്കുന്നത്.