വരവിനൊരുങ്ങി ബിഎസ്-6 എന്‍ജിന്‍ ഹീറോ എക്‌സ്ട്രീം 200 എസ്

ഹീറോ മോട്ടോകോർപ്പിന്റെ എക്സ്ട്രീം 200 എസിന്റെ ബിഎസ്-6 എൻജിൻ മോഡൽ നിരത്തുകളിലെത്താനൊരുങ്ങുന്നു. വാഹനം ഹീറോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. ഏറെ വൈകാതെ അവതരിപ്പിക്കുമെന്നാണ് സൂചന.
ഹീറോയുടെ നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ മോഡലായ എക്സ്ട്രീം 200 ആറിന്റെ ഫുള്ളി ഫെയേർഡ് പതിപ്പാണ് എക്സ്ട്രീ 200 എസ്. ആദ്യ വരവിൽ തന്നെ മികച്ച സ്റ്റൈലിലെത്തിയ ഈ വാഹനം ഡിസൈനിൽ കാര്യമായ മാറ്റം വരുത്താതെയെത്തുമെന്നാണ് വിവരം. ബിഎസ്-4 മോഡൽ എക്സ്ട്രീം 200 ആറിന് 98,500 രൂപയായിരുന്നു എക്സ്ഷോറും വില.
ഹീറോയുടെ എക്സ്പൾസിൽ നൽകിയിട്ടുള്ള 200 സിസി ഓയിൽ കൂൾഡ് എൻജിനായിരിക്കും എക്സ്ട്രീം ആറിന്റെ ബിഎസ്-6 മോഡലിൽ നൽകുകയെന്നാണ് സൂചന. ഈ ബൈക്കിന്റെ ബിഎസ്-4 മോഡലിൽ 18 ബി.എച്ച്.പി പവറും 17.1 എൻ.എം ടോർക്കുമേകുന്ന 200 സിസി എയർ കൂൾഡ് എൻജിനായിരുന്നു നൽകിയിരുന്നത്.
മുന്നിലെ ഫുൾ ഫെയറിങ്, ഹെഡ്ലൈറ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയായിരിക്കും ഈ മോഡലിലെ ഹൈലൈറ്റ്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേൺ ബൈ ടേൺ നാവിഗേഷൻ എന്നീ സൗകര്യങ്ങൾ കൺസോളിൽ ലഭിക്കും. മസ്കുലാർ ഫ്യുവൽ ടാങ്ക്, സ്പ്ലിറ്റ് ഗ്രാബ് റെയിൽ, വിൻഡ് സ്ക്രീൻ തുടങ്ങിയവ എക്സ്ട്രീം 200 എസിനെ വ്യത്യസ്തമാക്കും.
സുഖകരമായ യാത്രയ്ക്ക് മുന്നിൽ ടെലസ്കോപ്പിക് ഫോർക്കും പിന്നിൽ ഏഴ് രീതിയിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്കുമാണ് സസ്പെൻഷൻ ഒരുക്കുന്നത്. സുരക്ഷയ്ക്കായി മുന്നിൽ 276 എം.എമും പിന്നിൽ 220 എം.എമും ഡിസ്ക് ബ്രേക്കിനൊപ്പം സിംഗിൾ ചാനൽ എബിഎസ് എസ്ട്രീം 200 എസിൽ നൽകുന്നുണ്ട്.