വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മരുന്നുകളുടെ ലഭ്യത കുറഞ്ഞേക്കും

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മരുന്നുകളുടെ ലഭ്യത കുറഞ്ഞേക്കും. മരുന്ന് വാങ്ങുന്നതിനുള്ള ഈ സാമ്പത്തിക വർഷത്തെ ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കഴിഞ്ഞിട്ടില്ല.

കർശനമായ ടെൻഡർ മാനദണ്ഡങ്ങൾ മരുന്നിൻറെ വിതരണം വൈകിപ്പിക്കുകയാണ്. നിലവിൽ 50 കോടി രൂപ വിറ്റുവരവുള്ള കമ്പനികൾക്ക് മാത്രമാണ് ടെൻഡറിൽ പങ്കെടുക്കാൻ അനുമതിയുള്ളത്. ഇതോടെ ചെറുകിട കമ്പനികൾക്ക് അവസരം നഷ്ടമായി. വൻകിടക്കാർ കൂടുതൽ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചതിനാൽ അന്തിമ ടെൻഡർ വൈകി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ടെൻഡർ നിരക്ക് അന്തിമമാക്കിയത്. കരാർ ഒപ്പിട്ട് പണം നിക്ഷേപിച്ച ശേഷമായിരിക്കും പർച്ചേസ് ഓർഡർ നൽകുക. ഈ നടപടികൾ പൂർത്തിയാക്കാൻ ഏകദേശം ഒരു മാസമെടുക്കുമെന്നതിനാൽ ഈ കാലയളവിൽ മരുന്നിൻറെ ക്ഷാമം രൂക്ഷമാകും. നിലവിൽ അവശ്യ മരുന്നുകൾ പലയിടത്തും ലഭ്യമല്ലെന്ന പരാതി വ്യാപകമാണ്. മരുന്നുകളുടെ ക്ഷാമം കണക്കിലെടുത്ത് ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ ഒരുമിച്ച് വാങ്ങുന്നതിൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മരുന്ന് കൂടുതലുള്ള ആശുപത്രിയിൽ നിന്ന് ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ സ്റ്റോക്ക് നൽകാൻ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഡിഎംഒമാർക്ക് നിർദ്ദേശം നൽകി.