വാച്ചര്‍ രാജനായി തെരച്ചിൽ അവസാനിപ്പിക്കരുതെന്ന് നിർദേശം നൽകിയെന്ന് മന്ത്രി

സൈലൻറ് വാലി സൈരന്ധ്രി വനത്തിൽ നിന്ന് കാണാതായ ഫോറസ്റ്റ് വാച്ചർ രാജനുവേണ്ടി വ്യാപക തിരച്ചിൽ ആരംഭിച്ചതായി വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. സമാന്തരമായി പൊലീസ് കേസെടുത്ത് അന്വേഷിക്കാൻ തീരുമാനിച്ചു. ദുരൂഹത കണക്കിലെടുത്താണ് പൊലീസ് കേസെടുക്കാൻ തീരുമാനിച്ചത്. മൊബൈൽ ഫോൺ ലഭിച്ചെങ്കിലും മറ്റ് വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. തിരച്ചിൽ നിർത്തരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വനം മന്ത്രി പറഞ്ഞു.

അതേസമയം, വാച്ചർ രാജനുവേണ്ടിയുള്ള തിരച്ചിൽ മറ്റ് സംസ്ഥാനങ്ങളിലേക്കും പൊലീസ് വ്യാപിപ്പിച്ചിട്ടുണ്ട്. രാജനെ വന്യമൃഗങ്ങൾ ആക്രമിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് പൊലീസിൻറെ ഉന്നതതല യോഗം വിലയിരുത്തി. മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു. ഇന്ന് പ്രത്യേക സംഘം കേസ് ഏറ്റെടുത്തതിൻ ശേഷമുള്ള പുരോഗതി അന്വേഷണ സംഘം വിലയിരുത്തി.

രാജൻ അപകടത്തിൽ പെടുകയോ സൈരന്ധ്രി വനത്തിനുള്ളിൽ മൃഗങ്ങൾ ആക്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. തമിഴ്നാട്ടിലെ രാജൻറെ സുഹൃത്തുക്കളുടെ വീടുകളിലും പൊലീസ് പരിശോധന നടത്തും.