വാട്ടർ അതോറിറ്റിക്ക്‌ പിരിഞ്ഞു കിട്ടാനുള്ളത്‌ 1591.43 കോടി രൂപ

തിരുവനന്തപുരം
കഴിഞ്ഞ 32 വർഷത്തിനുള്ളിൽ വാട്ടർ അതോറിറ്റി കുടിവെള്ള കണക്‌ഷന്‌ ചാർജ്‌ വർധിപ്പിച്ചത്‌ ആറുതവണ മാത്രം. പത്തു യൂണിറ്റിനു മുകളിൽ നിരക്ക്‌ 2008നുശേഷം വർധിപ്പിച്ചിട്ടില്ല. അതേസമയം വാട്ടർ അതോറിറ്റിക്ക്‌ പിരിഞ്ഞു കിട്ടാനുള്ളത്‌ 1591.43 കോടി രൂപയാണ്‌. തദ്ദേശസ്ഥാപനങ്ങളും സർക്കാർ വകുപ്പുകളുമായി നൽകാനുള്ളത്‌ 1200 കോടിയും.

തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്‌, കണ്ണൂർ കോർപറേഷനുകൾ നൽകാനുള്ളത്‌ 189 കോടി രൂപയാണ്‌. വിവിധ നഗരസഭകൾ 420.72 കോടി രൂപയും നൽകാനുണ്ട്‌. പഞ്ചായത്തുകൾ 34.31 കോടി രൂപയാണ്‌ കുടിശ്ശിക വരുത്തിയത്‌. ഗാർഹിക, ഗാർഹികേതര കണക്‌ഷൻ കുടിശ്ശിക 235.88 കോടി രൂപയാണ്‌. 3338 ദശലക്ഷം ലിറ്റർ വെള്ളമാണ്‌ വാട്ടർ അതോറിറ്റി ഗാർഹിക, ഗാർഹികേതര കണക്‌ഷനായി ഒരുദിവസം നൽകുന്നത്‌. ഒരു യൂണിറ്റ്‌ വെള്ളം( 1000 ലിറ്റർ) ശുദ്ധീകരിച്ച്‌ വീടുകളിൽ എത്തിക്കാൻ വാട്ടർ അതോറിറ്റിക്ക്‌ ചെലവ്‌ 22.85 രൂപയാണ്‌. ഗാർഹികേതര കണക്‌ഷനിലെ ചാർജ്‌കൂടി കണക്കാക്കിയാൽ ഒരുയൂണിറ്റിന്‌ ലഭിക്കുന്നത്‌ ശരാശരി 10.90 രൂപയാണെന്നാണ്‌ കണക്ക്‌. നഷ്ടം 11.95 രൂപയും.

വ്യാവസായിക നിരക്കാണ്‌ ശുദ്ധീകരണശാലയിലെ വൈദ്യുതി ഉപയോഗത്തിന്‌ വാട്ടർ അതോറിറ്റി നൽകുന്നത്‌. ഈ ഇനത്തിൽ 36 കോടി രൂപ പ്രതിമാസം കെഎസ്‌ഇബിക്ക്‌ നൽകണം. മാസങ്ങളായി ഈ തുക കൃത്യമായി അടയ്‌ക്കാൻ കഴിഞ്ഞിട്ടില്ല. ഈ ഇനത്തിൽ 1200 കോടി രൂപയാണ്‌ കെഎസ്‌ഇബിക്ക്‌ നൽകാനുള്ളത്‌. കുടിവെള്ളവിതരണത്തിലൂടെ 60 കോടി രൂപയാണ്‌ വാട്ടർ അതോറിറ്റിക്ക്‌ പ്രതിമാസ വരുമാനമായി ലഭിക്കുന്നത്‌.