വാനര വസൂരി: രോഗബാധിതരുടെ
ആരോഗ്യനില തൃപ്തികരം-ആരോഗ്യ മന്ത്രി

നിലവിൽ മൂന്ന് പേർക്ക് മാത്രമാണ് സംസ്ഥാനത്ത് വാനര വസൂരി സ്ഥിരീകരിച്ചതെന്നും അന്യരാജ്യങ്ങളിൽ നിന്നെത്തിയ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇവരുമായി സമ്പർക്കത്തിലുള്ളവരുടെ രക്തസാമ്പിളുകൾ പല തവണ പരിശോധന നടത്തി. ഇതു വരെയുള്ള ഫലങ്ങളെല്ലാം നെഗറ്റീവ് ആണ്. കണ്ണൂരിൽ റീജിയണൽ ലാബിന്റെ രണ്ടാം നില ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. വാനര വസൂരി സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം നേരത്തെ തന്നെ നൽകിയിട്ടുണ്ട്. കൊവിഡ് കണക്കുകൾ കൃത്യമായി തന്നെ കേന്ദ്രത്തിന് നൽകുന്നുണ്ട്. മറിച്ചുള്ള വാദങ്ങൾ തെറ്റാണ്. കൊവിഡ് കാലമായതിനാൽ പലയിടങ്ങളിലും മരുന്നുപയോഗത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായി. ഇത് പരിശോധിക്കാൻ ഒരു സമിതിയെ നിയോഗിച്ചു. സമിതി നിർദേശമനുസരിച്ച് മരുന്ന് വിതരണം ഏകോപിച്ചിട്ടുണ്ട്.
2030 ഓടെ പേവിഷബാധ കൊണ്ടുള്ള മരണം ഉണ്ടാവരുത് എന്നതാണ് സർക്കാറിന്റെ ലക്ഷ്യം. അതിനുള്ള ഇടപെടലുകൾ നടത്തുന്നുണ്ട്. ഇക്കാര്യത്തിൽ ആരോഗ്യ, തദ്ദേശ സ്വയംഭരണ, മൃഗസംരക്ഷണ വകുപ്പുകളുടെ മന്ത്രിതല ചർച്ച നടത്തിക്കഴിഞ്ഞു. കേരളത്തിൽ നിലവിൽ ഒരു ലക്ഷം വയൽ റാബിസ് വാക്‌സിൻ വേണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച ഇരട്ടിയാണിത്.
പുതിയ മെഡിക്കൽ കോളേജുകളുടെ സൗകര്യങ്ങൾ ഉറപ്പാക്കാൻ നിരന്തര ഇടപെടൽ നടത്തുന്നുണ്ട്. കാസർകോട് മെഡിക്കൽ കോളേജിൽ രണ്ട് ന്യൂറോളജി ഡോക്ടർ തസ്തികകൾ സൃഷ്ടിച്ചു നിയമനം നടത്തി. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിർമ്മിച്ച കെട്ടിടം ആഗസ്റ്റോടെ കൈമാറും-ആരോഗ്യ മന്ത്രി അറിയിച്ചു.