വാഹനാപകടം; ഡ്രൈവര്‍ മദ്യപിച്ചതിന്റെ പേരില്‍ ഇന്‍ഷുറന്‍സ് നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി
വാഹനാപകടത്തില്‍ പരിക്കേറ്റ മൂന്നാം കക്ഷിക്ക് (തേര്‍ഡ് പാര്‍ട്ടി) ഡ്രൈവര്‍ മദ്യപിച്ചിരുന്നു എന്നതിന്റെ പേരില്‍ ഇന്‍ഷുറന്‍സ് തുക നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. വാഹനാപകടത്തില്‍ പരിക്കേറ്റ മൂന്നാം കക്ഷിക്ക് ഇന്‍ഷുറന്‍സ് കമ്പനി ആദ്യം ഇന്‍ഷുറന്‍സ് തുക കൈമാറണം. ഈ തുക അപകടത്തിന് കാരണക്കാരനായ ഡ്രൈവറില്‍നിന്നും വാഹന ഉടമയില്‍നിന്നും ഇന്‍ഷുറന്‍സ് കമ്പനിക്ക് പിന്നീട് ഈടാക്കാം എന്നും ജസ്റ്റിസ് സോഫി തോമസ് വ്യക്തമാക്കി.
ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് ആനുകൂല്യത്തിന് അര്‍ഹതയില്ലെന്ന വാദമാണ് ഇന്‍ഷുറന്‍സ് കമ്പനി ഉന്നയിച്ചത്. ഇന്‍ഷുറന്‍സ് പോളിസി വ്യവസ്ഥകളില്‍ ഇതും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍, ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് മൂന്നാം കക്ഷിക്ക് നേരത്തേ അറിയാനാകില്ലാത്തതിനാല് ഈ വ്യവസ്ഥയുടെ പേരില്‍ ഇന്‍ഷുറന്‍സ് തുക നിഷേധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
മദ്യപിച്ച ഡ്രൈവര്‍ ഓടിച്ച കാര്‍ ഇടിച്ച് പരിക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരന് മലപ്പുറം സ്വദേശി മുഹമ്മദ് റഷീദ് നല്കിയ അപ്പീലിലാണ് ഉത്തരവ്. ഹര്ജിക്കാരന് യാത്ര ചെയ്തിരുന്ന ഓട്ടോറിക്ഷയില്‍ നിലമ്പൂര്‍ സ്വദേശി ഇ.കെ. ഗിരിവാസന്‍ ഓടിച്ച കാര്‍ ഇടിച്ചായിരുന്നു അപകടം. ഗിരിവാസന്‍ മദ്യപിച്ചിരുന്നു. ഇതില്‍ 2,40,000 രൂപയാണ് ട്രിബ്യൂണല്‍ നഷ്ടപരിഹാരമായി വിധിച്ചത്. 39,000 രൂപ കൂടി അധികമായി നല്കാന് ഹൈക്കോടതി ഉത്തരവിട്ടു.
ഈ തുക ഏഴ് ശതമാനം പലിശ സഹിതം ഹര്‍ജിക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് മാസത്തിനുള്ളില്‍ കൈമാറാന്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഇത് ഇന്‍ഷുറന്‍സ് കമ്പനിക്ക് ഡ്രൈവറില്‍നിന്നും വാഹന ഉടമയില്‍നിന്നും ഈടാക്കാം എന്നും കോടതി വ്യക്തമാക്കി.