വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാർ അഭിഭാഷകൻ അസൗകര്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് കേസ് ഇന്നത്തേക്ക് വീണ്ടും മാറ്റിയത്.
വിദേശത്തുള്ള വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ നാട്ടിലെത്തുന്നതുവരെ പരിഗണിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. വിജയ് ബാബുവിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. നിലവിൽ ദുബായിലുള്ള വിജയ് ബാബു ബുധനാഴ്ച കൊച്ചിയിലെത്തും.
തിങ്കളാഴ്ച വിമാനത്താവളത്തിലെത്തിയാൽ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചിരുന്നു. തിങ്കളാഴ്ച വീട്ടിലെത്തുമെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ഉത്തരവ് ലഭിക്കാത്തതിനാലാണ് വിജയ് യാത്ര നീട്ടിവച്ചതെന്നാണ് വിവരം.