വിഡോ ഹെല്‍പ് ഡസ്‌ക് മുഖേന വിധവകളുടെ പുനര്‍വിവാഹത്തിന് പോര്‍ട്ടല്‍ തയ്യാറാക്കും
വിധവകളുടെ പുനര്‍വിവാഹത്തിന് വിഡോ ഹെല്‍പ് ഡസ്‌ക് മുഖേന പോര്‍ട്ടല്‍ തയ്യാറാക്കാന്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിഡോസെല്‍ അവലോകന യോഗം തീരുമാനിച്ചു. വിഡോസെല്ലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിധവകളെ വിവിധ തൊഴില്‍ മേഖലകളില്‍ സ്വയം പര്യാപ്തരാക്കുന്നതിന് നല്‍കുന്നതിന് വിഡോ സെല്‍ മുഖേന ശില്‍പശാല സംഘടിപ്പിക്കും. താത്പര്യമുള്ളവര്‍ക്ക് സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാവും സ്വയം തൊഴില്‍ പരിശീലനം നല്‍കുക.
ജില്ലയിലെ വിധവകളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ വനിതാ ശിശുവികസന ഓഫീസര്‍ മുഖേന അങ്കണവാടി പ്രവര്‍ത്തകരുടെ സഹായത്തോടെ അതാതു പ്രദേശത്തെ വിധവകളുടെ പട്ടിക ശേഖരിക്കും. വിഡോസെല്ലില്‍ രജിസ്റ്റര്‍ ചെയ്ത ഡ്രൈവിംങില്‍ താല്‍പര്യമുള്ളവര്‍ക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കാനും യോഗത്തില്‍ തീരുമാനമായി. ഇതുവരെ 744 വിധവകളാണ് വിഡോസെല്ലില്‍ രജിസ്റ്റര്‍ ചെയ്തത്.
കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ തലശ്ശേരി സബ് കലക്ടര്‍ അനുകുമാരി, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി സുലജ, തളിപ്പറമ്പ് ആര്‍ഡിഒ ഇ പി മേഴ്‌സി, ലേഡി ലീഗല്‍ എക്‌സ്‌പേര്‍ട്ട് അഡ്വ. ആര്‍ എസ് സുജിത, ഡിഎംഒ പ്രതിനിധി ഡോ. ബി സന്തോഷ് എന്നിവര്‍ പങ്കെടുത്തു.