വിദ്വേഷ മുദ്രാവാക്യം; കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു
പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ചതിന് കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സൗത്ത് പൊലീസാണ് അസ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിദ്വേഷ മുദ്രാവാക്യവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് ഒളിവിലായിരുന്ന കുട്ടിയും കുടുംബവും ശനിയാഴ്ച രാവിലെയാണ് കൊച്ചി പള്ളുരുത്തിയിലെ വീട്ടിലേക്ക് മടങ്ങിയത്. ഇതേതുടർന്ന് പൊലീസ് വീട്ടിലെത്തി കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തു.
മുദ്രാവാക്യം വിളിച്ചവർ ഉൾപ്പെടെ കൂടുതൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. മുദ്രാവാക്യം വിളിച്ച സംഘാടകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.