വിദ്വേഷ മുദ്രാവാക്യം; കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയനാക്കി

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച 10 വയസുകാരനെ കൗൺസിലിങ്ങിന് വിധേയനാക്കി. ചൈല്‍ഡ് ലൈനാണ് കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൗണ്‍സിലിങ്ങിന് വിധേയനാക്കിയത്. ആവശ്യമെങ്കിൽ കൗൺസിലിംഗ് തുടരുമെന്ന് ചൈൽഡ് ലൈൻ അറിയിച്ചു. മാതാപിതാക്കൾക്ക് കൗൺസിലിംഗ് നൽകുന്ന കാര്യം പരിഗണനയിലാണെന്ന് അധികൃതർ പറഞ്ഞു. മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും പരിപാടികളിൽ നിന്ന് താൻ പഠിച്ചതാണെന്നും കുട്ടി പറഞ്ഞു.

വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് ഉൾപ്പെടെ നാൽ പേരെ കൂടി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ പിതാവ് അസ്കർ, പോപ്പുലർ ഫ്രണ്ട് പള്ളുരുത്തി ഡിവിഷൻ ഭാരവാഹികളായ ഷമീർ, സുധീർ, മരട് ഡിവിഷൻ സെക്രട്ടറി നിയാസ് എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ സൗത്ത് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് കുട്ടിയും മാതാപിതാക്കളും പള്ളുരുത്തിയിലെത്തിയത്. ഇതിൻ പിന്നാലെയാണ് കുട്ടിയുടെ പിതാവ് ഇന്നലെ മാധ്യമങ്ങളെ കണ്ടത്. ഇതേതുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അഷ്കറിൻറെ അറസ്റ്റിൽ പ്രതിഷേധിച്ച് പള്ളുരുത്തിയിൽ പോപ്പുലർ ഫ്രണ്ട് പ്രകടനം നടത്തിയിരുന്നു. കസ്റ്റഡിയിലെടുത്ത നാലുപേരെയും ഇന്ന് മജിസ്ട്രേറ്റിൻ മുന്നിൽ ഹാജരാക്കും.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത 18 പേരെ ഇന്നലെ റിമാൻഡ് ചെയ്തു. ആലപ്പുഴയിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ റിമാൻഡ് ചെയ്തു. മതവിദ്വേഷം പ്രചരിപ്പിക്കാൻ അവസരം നൽകിയെന്നാരോപിച്ചാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 എ പ്രകാരം അറസ്റ്റ് ചെയ്തത്. കേസിൽ ഇതുവരെ 24 പേർ അറസ്റ്റിലായിട്ടുണ്ട്.