വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ വീട്ടില്‍ പോലീസ് പരിശോധന

പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് പൊലീസ്. മുദ്രാവാക്യം വിളിക്കാൻ കുട്ടിക്ക് പ്രത്യേക പരിശീലനം നൽകിയെന്നും മതവികാരം ഇളക്കിവിടാൻ പ്രതികൾ ഉദ്ദേശിച്ചിരുന്നതായും പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസിൽ അറസ്റ്റിലായ അൻസാറാണ് കുട്ടിയെ തോളിലേറ്റി മുദ്രാവാക്യം വിളിച്ചത്. കോടതിയിൽ ഹാജരാക്കിയപ്പോൾ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങളുണ്ട്.

അതേസമയം മുദ്രാവാക്യം വിളിച്ച കുട്ടി കൊച്ചി പള്ളുരുത്തി സ്വദേശിയാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് കുട്ടിയുടെ തറവാട്ടുവീട്ടിൽ പൊലീസ് പരിശോധന നടത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് ആലപ്പുഴയിൽ നിന്നുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയത്. തറവാട്ടുവീട്ടിനോട് ചേർന്നുള്ള വാടകവീട്ടിലായിരുന്നു യുവാവും കുടുംബവും താമസിച്ചിരുന്നത്. പക്ഷേ, ഈ വീട് അടഞ്ഞുകിടക്കുകയാണ്.

കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും രണ്ടാഴ്ചയായി മകനെയും കൊച്ചുമകനെയും കണ്ടിട്ടില്ലെന്ന് കുട്ടിയുടെ കുടുംബം പൊലീസിനോട് പറഞ്ഞു.