വിസാ കാലാവധി കഴിഞ്ഞും യുഎഇയില്‍ തുടര്‍ന്നാല്‍ പിഴ അടയ്‍ക്കുന്നതിന് പുറമെ രാജ്യം വിടാന്‍ ഔട്ട് പാസും വാങ്ങണം

ദുബൈ: സന്ദര്‍ശക വിസയില്‍ ദുബൈയില്‍ എത്തിയവര്‍ വിസാ കാലാവധി കഴിഞ്ഞും യുഎഇയില്‍ തുടര്‍ന്നാല്‍ ഓരോ ദിവസത്തേക്കുംപിഴ അടയ്‍ക്കുന്നതിന് പുറമെ രാജ്യം വിടാന്‍ ഔട്ട് പാസും വാങ്ങണം . വിമാനത്താവളങ്ങളില്‍ നിന്നോ അല്ലെങ്കില്‍ കര അതിര്‍ത്തി പോയിന്റുകളിലെ എമിഗ്രേഷന്‍ ഓഫീസുകളില്‍ നിന്നോ ആണ് ഇത് വാങ്ങേണ്ടത്. ഇക്കാര്യം ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്‍സിലെ കസ്റ്റമര്‍ സര്‍വീസ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു.

വിമാനത്താവളങ്ങള്‍ക്കും കര അതിര്‍ത്തി പോയിന്റുകള്‍ക്കും പുറമെ അല്‍ അവീര്‍ ഇമിഗ്രേഷന്‍ ഓഫീസില്‍ നിന്നും ഔട്ട് പാസ് വാങ്ങാനാവും. വിസാ കാലാവധി കഴിഞ്ഞ ശേഷം അധികമായി രാജ്യത്ത് താമസിക്കുന്ന ഓരോ ദിവസത്തിനും പിഴ അടയ്ക്കണം. ഇതിന് പുറമെയാണ് നിശ്ചിത തുക നല്‍കി ഔട്ട് പാസ് വാങ്ങേണ്ടത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ നടപടികള്‍ ആരംഭിച്ചതെന്ന് ട്രാവല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തു നിന്നും പുറത്തുപോകാന്‍ വിമാനത്താവളത്തിലെത്തിയ പലര്‍ക്കും ഔട്ട്‍ പാസിനായി 200 മുതല്‍ 300 ദിര്‍ഹം വരെ നല്‍കേണ്ടിവന്നു. ദുബൈയിലെ സന്ദര്‍ശക വിസകള്‍ക്ക് വിസാ കാലാവധി അവസാനിക്കുന്ന തീയ്യതി മുതല്‍ സാധാരണ 10 ദിവസമാണ് ഗ്രേസ് പീരിഡ് ലഭിക്കുക.

സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞതിനുള്ള ഓവര്‍ സ്റ്റേ ഫൈന്‍ ഓണ്‍ലൈനായി അടച്ച ശേഷം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഇമിഗ്രേഷനില്‍ വെച്ച് ‘ഔട്ട് പാസിന്’ വേണ്ടി 240 ദിര്‍ഹം കൂടി അടയ്ക്കേണ്ടി വന്നുവെന്ന് കഴിഞ്ഞ ദിവസം യാത്ര ചെയ്‍ത ഒരു ഇന്ത്യക്കാരന്‍ പറഞ്ഞു. ഔട്ട് പാസ് വാങ്ങുന്ന സന്ദര്‍ശകര്‍ രാജ്യം വിട്ടിരിക്കണമെന്നും വ്യവസ്ഥയുണ്ട്. അല്ലാത്തപക്ഷം ഇവര്‍ക്ക് താമസ വിസയ്ക്ക് ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ നല്‍കാന്‍ സാധിക്കില്ല.