വിസ്മയയുടെ ആത്മാവ് ഈ വാഹനത്തിലുണ്ട്; ഫ്രണ്ട് സീറ്റ് ഒഴിച്ചിട്ട് അച്ഛൻ കോടതിയിലേക്ക്

കൊല്ലം:വിസ്മയ കേസിന്റെ വിധി കേൾക്കാൻ അച്ഛൻ ത്രിവിക്രമൻ നായർ കോടതിയിലേക്ക് തിരിച്ചത് മകൾക്ക് നൽകിയ വാഹനത്തിൽ. വാഹനത്തിന്റെ ഫ്രണ്ട് സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. വിസ്മയയുടെ ആത്മാവ് തനിക്കൊപ്പം ഈ വിധി കേൾക്കാൻ കോടതിയിലേക്ക് വരുന്നുണ്ടെന്ന വളരെ വൈകാരികമായ പ്രതികരണമാണ് ത്രിവിക്രമൻ നായർ നടത്തിയത്.

ഈ വാഹനം വാങ്ങാൻ മകളുമൊത്താണ് പോയതെന്നും അവൾ ഇപ്പോഴും തങ്ങളോടൊപ്പമുണ്ടെന്നും അദ്ദേഹം പറയുന്നു. ത്രിവിക്രമൻ നായരും ഒരു ബന്ധുവുമാണ് കോടതിയിലേക്ക് പോകുന്നത്. ത്രിവിക്രമൻ നായർ വാഹനം ഓടിക്കുമ്പോൾ ബന്ധു പിൻസീറ്റിലാണിരിക്കുന്നത്. പ്രതി കിരൺകുമാറിനെതിരായ കുറ്റങ്ങൾ തെളിയിക്കാൻ സഹായകമായത്‌ അയാളുടെതന്നെ ഫോൺ. വിസ്മയ മരിച്ചദിവസം ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ കിരൺ ഫോൺ മുറിയിൽ മറന്നുവച്ചു. പൊലീസെത്തി റൂം സീൽ ചെയ്തതോടെ ഫോണിലെ തെളിവ് നശിപ്പിക്കാൻ കഴിയാതായി.

സ്ത്രീധനവുമായി ബന്ധപ്പെട്ട സംസാരങ്ങളടക്കം ഈ ഫോണിൽനിന്നു ലഭിച്ചത്‌ വഴിത്തിരിവായി. ഓട്ടോമാറ്റിക് കോൾ റെക്കോഡിങ് സംവിധാനമുണ്ടായിരുന്ന ഫോണിൽ സംഭാഷണങ്ങളെല്ലാം സൂക്ഷിക്കപ്പെട്ടിരുന്നു. വിസ്മയയുമായും കുടുംബവുമായും തർക്കം തുടങ്ങിയശേഷം സ്ത്രീധനകാര്യങ്ങൾ ഫോണിലൂടെ സംസാരിക്കാതിരിക്കാൻ കിരൺകുമാർ ശ്രദ്ധിച്ചിരുന്നു. ഇത്തരം കാര്യങ്ങൾ വാട്സാപ്‌ കോളിലൂടെ മാത്രം സംസാരിക്കാനും ശ്രമിച്ചു.

ഇക്കാര്യം സഹോദരിയുമായുള്ള ഒരു സംഭാഷണത്തിൽ കിരൺ പറയുന്നുണ്ട്. സ്വർണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഫോണിൽ ആരുമായി സംസാരിക്കരുതെന്നും കോൾ റെക്കോഡ് ചെയ്യാൻ സാധ്യതയുണ്ടെന്നുമായിരുന്നു സംഭാഷണം. സ്ത്രീധനവുമായി ബന്ധപ്പെട്ട വാദം സ്ഥാപിക്കാൻ ഈ കോൾ റെക്കോഡ് പ്രോസിക്യൂഷനു സഹായകമായി.