വി.കെ. ഇബ്രഹിംകുഞ്ഞിന് ജാമ്യമില്ല

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ വി.കെ. ഇബ്രഹിംകുഞ്ഞിന് ജാമ്യമില്ല.മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് ഉത്തരവ് . ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസിന് ഒരു ദിവസത്തെ അനുമതിയും നൽകിയിട്ടുണ്ട്.

നവംബർ 30-നാണ് വിജിലൻസിന് ലേക് ഷോർ ആശുപത്രിയിൽ ചോദ്യം ചെയ്യാൻ അനുമതി നൽകിയിട്ടുള്ളത്. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ തന്നെയാണ് ചോദ്യം ചെയ്യാനുള്ള അനുമതിയുള്ളത്.

നവംബർ 30-ന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെയും, ശേഷം മൂന്ന് മണി മുതൽ വൈകീട്ട് അഞ്ച് വരെയും ചോദ്യം ചെയ്യാം. ഇത്തരത്തിൽ ഏഴ് നിബന്ധനകളാണ് കോടതി മുന്നോട്ട് വെച്ചിട്ടുള്ളത്.ചികിത്സ തടസ്സപ്പെടുത്തരുത്. കോടതി ഉത്തരവ് ആശുപത്രി അധികൃതരെ കാണിച്ച് ബോധ്യപ്പെടുത്തണം. ശാരീരികമായോ മാനസികമായോ ചോദ്യം ചെയ്യുന്നതിനിടെ പീഡിപ്പിക്കരുത്.

ചോദ്യം ചെയ്യലിന് മുന്നോടിയായിട്ട് അന്വേഷണ ഉദ്യോഗസ്ഥർ കോവിഡ് പരിശോധന നടത്തിയിരിക്കണം. മൂന്ന് പേരിൽ കൂടുതൽ ചോദ്യം ചെയ്യൽ സംഘത്തിൽ പാടില്ല. ഒരു മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ചോദ്യം ചെയ്യരുത്. ഒരോ മണിക്കൂറിനിടയിലും 15 മിനിറ്റ് വിശ്രമം നൽകണം തുടങ്ങിയ നിബന്ധനകളാണ് വിജിലൻസിന് മുന്നിൽ കോടതി വെച്ചിട്ടുള്ളത്.