വൃദ്ധ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളുടെ എണ്ണം കൂടി വരുന്നു: വനിതാ കമ്മീഷൻ

വാർധക്യത്തിൽ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളുടെ എണ്ണം കേരളത്തിൽ കൂടി വരുന്നതായി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. കണ്ണൂർ ജില്ലാ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വനിതാ കമ്മീഷൻ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവർ. മാതാപിതാക്കളെ സംരക്ഷിക്കുക നിയമത്തിനപ്പുറം മക്കളുടെ കടമയാണ്. ഏഴ് മക്കളുള്ള 82 വയസ്സുള്ള ഒരമ്മയുടെ സംരക്ഷണത്തിന് മക്കൾ താൽപര്യം കാണിക്കാത്ത ഒരു കേസ് അദാലത്തിലുണ്ടായിരുന്നു. അഞ്ച് ആൺമക്കളും രണ്ട് പെൺമക്കളുമുള്ള അവരെ ഒരു മകളും ഭർത്താവുമാണ് പരിചരിക്കുന്നത്. അമ്മയുടെ സംരക്ഷണത്തിനാവശ്യമായ തുക നൽകാൻ ആർ ഡി ഒ കോടതിയുടെ വിധിയുണ്ടായിട്ടും ചിലവിനുള്ള കാശു പോലും മറ്റ് മക്കൾ നല്കുന്നില്ല. അവർക്കിപ്പോൾ ഹോം നഴ്‌സിന്റെ സഹായവും ആവശ്യമുണ്ട്. അച്ഛന്റെ മരണശേഷം അമ്മയുടെ പേരിലുള്ള സ്വത്തുക്കൾ കൈക്കലാക്കാനാണ് മക്കൾ ശ്രമിച്ചത്. അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന് രണ്ട് മക്കൾ കമ്മീഷനെ അറിയിച്ചു.
ഇതിനു പുറമേ ഭാര്യാ-ഭർതൃ ബന്ധത്തിലെ വിള്ളലുകൾ, അയൽപക്ക തർക്കം, വഴി പ്രശ്‌നം, വസ്തു തർക്കം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് കമ്മീഷന് ലഭിച്ചത്. ഇതിൽ വസ്തു തർക്കം പരിഹരിക്കാൻ സിവിൽ കോടതിക്കാണ് അധികാരം. കമ്മീഷന് മുന്നിലെത്തുന്ന ഇത്തരം പരാതികളിൽ പരിഹാരം നിർദേശിക്കുകയാണ് ചെയ്യുക. മറ്റ് പ്രശ്‌നങ്ങൾ പരിഹരിക്കാൻ പഞ്ചായത്തുകളിലെ ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തണം. ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവെക്കുന്ന ജാഗ്രതാ സമിതിക്ക് സംസ്ഥാന തലത്തിൽ അവാർഡ് നൽകുമെന്നും അവർ പറഞ്ഞു.
അദാലത്തിൽ 43 പരാതികളാണ് ലഭിച്ചത്. ഇതിൽ 10 എണ്ണം തീർപ്പാക്കി. അഞ്ച് പരാതികളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കമ്മീഷൻ പോലീസിനെ ചുമതലപ്പെടുത്തി. കുടുംബ പ്രശ്‌നങ്ങളിൽ പരിഹാരം ഉണ്ടായേക്കാവുന്ന മൂന്ന് പരാതിക്കാർക്ക് ഫാമിലി കാൺസിലിംഗ് നൽകാനും നിർദ്ദേശിച്ചു. 25 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി വെച്ചു. വനിതാ കമ്മീഷൻ അംഗം പി കുഞ്ഞായിഷ, അഭിഭാഷക പാനലിലെ കെ ഷിമ്മി, കെ എം പ്രമീള, ഫാമിലി കൗൺസിലർ മാനസ ബാബു പി, വനിതാ സെൽ പ്രതിനിധി എം നിഷ എന്നിവർ പങ്കെടുത്തു.