വെജിറ്റബിൾ ടൂറിസം ഹബാവാൻ ജില്ല ഒരുങ്ങുന്നു

വെജിറ്റബിൾ ടൂറിസം ഹബാവാൻ കണ്ണൂർ ജില്ല ഒരുങ്ങുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് ഗ്രാമ പഞ്ചായത്തുകളുടെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെ തരിശു ഭൂമിയിൽ കൃഷി ചെയ്യാനുള്ള വിപുലമായ പദ്ധതികൾക്ക് തുടക്കം കുറിച്ചു. തരിശ് രഹിത കൃഷി ജില്ലാതല വിത്തിടൽ പുരളി മല പച്ചക്കറി എ ഗ്രേഡ് ക്ലസ്റ്റർ കൂവക്കരയിൽ ഒരുക്കിയ ഭൂമിയിൽ പ്രസിഡൻറ് പി പി ദിവ്യ നിർവഹിച്ചു. വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി.
ഈ വർഷം ഏഴ് കോടിയോളം രൂപ കാർഷിക മേഖലയ്ക്ക് മാത്രമായി ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ മാറ്റിവെച്ചിട്ടുണ്ട്. മാലൂർ പഞ്ചായത്തിലെ പ്രകൃതി സുന്ദരമായ പുരളിമലയുടെ കീഴിൽ 25 ഏക്കർ ഭൂമിയിലാണ് പച്ചക്കറി കൃഷി ആരംഭിക്കുന്നത്. പച്ചക്കറി ആവശ്യമുള്ളവർക്ക് ഇഷ്ടമുള്ളവ നേരിൽ വന്ന് വില നൽകി പറിച്ചെടുക്കാം. വെജിറ്റബിൾ ടൂറിസം ഹബ്ബായി മാലൂർ പഞ്ചായത്തിനെ മാറ്റും. പച്ചക്കറി ഉൽപന്നങ്ങളുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന യൂണിറ്റ് മാലൂരിൽ ആരംഭിക്കും. മലയോര മേഖലയിൽ ഏക്കറുകണക്കിനു ഭൂമിയാണ് തരിശിട്ടിരിക്കുന്നത്. കൃഷിയോഗ്യമായ ഭൂമി കണ്ടെത്തി കൃഷി ചെയ്യാൻ താൽപര്യമുള്ള ഗ്രൂപ്പുകളെ കണ്ടെത്തും. കൃഷി ചെയ്യുന്നതിന് റിവോൾവിങ്ങ് ഫണ്ട് കർഷക ഗ്രൂപ്പ് കൾക്ക് നൽകും .ഇത്തരം ഗ്രൂപ്പുകളുടെ കൃഷിതോട്ടങ്ങൾ വെജിറ്റബിൾ ടൂറിസം ഹബ്ബായി മാറും. മാർക്കറ്റ് തേടി കർഷകർക്ക് ബുദ്ധിമുട്ടേണ്ട സാഹചര്യം ഉണ്ടാവില്ല. ആവശ്യക്കാരെ ഇത്തരം തോട്ടങ്ങളിലേക്ക് എത്തിക്കും. കൂടാതെ പച്ചക്കറികളുടെ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ യൂണിറ്റുകൾ മലയോര മേഖലയിൽ ആരംഭിക്കും. വരും വർഷം കോൾഡ് സ്റ്റോറേജ് നിർമ്മിക്കാനും ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എംഎൻ പ്രദീപ് പദ്ധതി വിശദീകരിച്ചു. മാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി ഹൈമാവതി, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൻ യു പി ശോഭ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ വി കെ സുരേഷ്ബാബു, മാലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചമ്പാടൻ ജനാർദ്ദനൻ, ജില്ലാ പഞ്ചായത്തംഗം വി ഗീത, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രേമി പ്രേമൻ, മാലൂർ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സി രജനി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് പി. എൻ സതീഷ് ബാബു, മാലൂർ പഞ്ചായത്ത് കൃഷി അസിസ്റ്റൻറ് സി ബിനോജ് എന്നിവർ സംസാരിച്ചു.
മാലൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രമേശൻ കോയിലോടൻ, രേഷ്മ സജീവൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്തംഗം ശിഹാബ് പട്ടാരി, മാലൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രമതി പരയത്ത് (മെമ്പർ, ശ്രീജ മേപ്പാടൻ എന്നിവർ സംബന്ധിച്ചു.