വോട്ടെടുപ്പ് ദിവസവും തലേന്നും അച്ചടിമാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് പ്രീ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസവും അതിന്റെ തലേന്നും (ഏപ്രില്‍ 5, 6 തീയതികളില്‍) ദിനപ്പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ രാഷ്ട്രീയ പരസ്യങ്ങള്‍ക്കും എംസിഎംസി (മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി) യുടെ മുന്‍കൂര്‍ അനുമതി നേടണം. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും സംഘടനകളും വ്യക്തികളും നല്‍കുന്ന പരസ്യങ്ങള്‍ക്ക് ഈ നിബന്ധന ബാധകമാണ്. വോട്ടെടുപ്പിന് തൊട്ടു മുന്‍പ് തെറ്റിദ്ധാരണാജനകമോ പ്രകോപനപരമോ ആയ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനുവേണ്ടിയാണ് ഇവയ്ക്ക് പ്രീസര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണെന്ന നിബന്ധന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുവച്ചത്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന പരസ്യത്തിന്റെ പകര്‍പ്പ് ഉള്‍പ്പെടെ കലക്ടറേറ്റുകളിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന എംസിഎംസി സെല്ലിലാണ് സമര്‍പ്പിക്കേണ്ടത്. ഈ ദിവസങ്ങളില്‍ പരസ്യങ്ങള്‍ നല്‍കുന്നതിനു മുമ്പ് എംസിഎംസി സര്‍ട്ടിഫിക്കേഷന്‍ ഉണ്ടെന്ന് ദിനപ്പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അച്ചടി മാധ്യമങ്ങള്‍ ഉറപ്പുവരുത്തണം. സര്‍ട്ടിഫിക്കേഷനില്ലാത്തവ പ്രസിദ്ധീകരിക്കരുതെന്നും അധികൃതര്‍ അറിയിച്ചു. അതോടൊപ്പം, അംഗീകൃതപാര്‍ട്ടികള്‍ ഇലക്ട്രോണിക് മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളിലും സിനിമാശാലകളിലും പൊതുസ്ഥലങ്ങളിലും പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങള്‍, ബള്‍ക്ക് എസ്എംഎസുകള്‍, വോയ്‌സ് മെസേജുകള്‍ എന്നിവ നല്‍കുന്നതിന് മൂന്നു ദിവസം മുമ്പ് പ്രീസര്‍ട്ടിഫിക്കേഷനുള്ള അപേക്ഷ എംസിഎംസിക്ക് സമര്‍പ്പിക്കുകയും വേണം.