വോട്ടെടുപ്പ് സ്വതന്ത്രവും സുതാര്യവുമാക്കാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ജില്ലാ കലക്ടര്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കത്തെഴുതി
നിയമസഭാ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമാക്കുന്നതിന് കര്‍ശന നിര്‍ദ്ദേശങ്ങളുമായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്. ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും പോളിങ് ഓഫീസര്‍മാര്‍ക്കും എഴുതിയ കത്തിലാണ് സഹായി വോട്ട്, കള്ളവോട്ട്, ആള്‍മാറാട്ടം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. പോളിങ് ബൂത്തില്‍ വോട്ടിംഗ് പ്രക്രിയ സുഗമവും നീതിയുക്തമായി നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട പൂര്‍ണ്ണ ഉത്തരവാദിത്വം പ്രിസൈഡിംഗ് ഓഫീസര്‍ക്കാണെന്ന് കത്തില്‍ ഓര്‍മിപ്പിച്ചു.
സഹായി വോട്ടുകള്‍ കര്‍ശനമായി നിരീക്ഷിക്കുക, മരണപ്പെട്ടവര്‍, സ്ഥലം മാറിപ്പോയവര്‍, നാട്ടില്‍ ഇല്ലാത്തവര്‍ (എഎസ്ഡി പട്ടിക) എന്നിവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ വോട്ടുകള്‍ പ്രത്യേകം പരിശോധിക്കുക, ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്യുന്നത് തടയുക തുടങ്ങിയ കാര്യങ്ങള്‍ പോളിംഗ് ഉദ്യോഗസ്ഥരുടെ ചുമതലയാണ്. ഇക്കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലയിലെ വിവിധ ബൂത്തുകളില്‍ മൈക്രോ ഒബ്‌സെര്‍വര്‍മാരെയും അസിസ്റ്റഡ് വോട്ട് മോണിറ്റര്‍മാരെയും നിയോഗിച്ചിട്ടുണ്ടെന്നും കത്തില്‍ ജില്ലാ കലക്ടര്‍ വ്യക്തമാക്കി.