വ്യാഴാഴ്ച നടത്താനിരുന്ന കട തുറന്നുള്ള സമരം മാറ്റിവെച്ചു
കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച നടത്താനിരുന്ന കട തുറന്നുള്ള സമരം മാറ്റിവെച്ചു. സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീനെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിയത്. വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി നടത്തുന്ന ചർച്ചയ്ക്ക് ശേഷം ഭാവി പരിപാടികൾ തീരുമാനിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഡൽഹിയിൽ നിന്ന് മുഖ്യമന്ത്രി നേരിട്ട് വിളിച്ചു. ആവശ്യങ്ങൾ അനുഭാവപൂർവം പരിഹരിക്കാമെന്ന ഉറപ്പ് മുഖ്യമന്ത്രിയിൽ നിന്ന് ലഭിച്ചു, വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തിയ ഉടൻ ചർച്ച നടത്താമെന്നും അതുവരെ സമരം നടത്തരുതെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചതായി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീൻ മാധ്യമങ്ങളോട് പ്രതികരിച്ചു.