ശനി, ഞായര്‍ തീയതികളിലെ ശുചീകരണ യജ്ഞവുമായി എല്ലാവരും സഹകരിക്കണം: മന്ത്രി എം വി ഗോവിന്ദന്‍

ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ തടയുകയെന്ന ലക്ഷ്യത്തോടെ ജൂണ്‍ 5, 6 തീയതികളില്‍ (ശനി, ഞായര്‍) ജില്ലയില്‍ നടക്കുന്ന ശുചീകരണ യജ്ഞവുമായി എല്ലാവരും സഹകരിക്കണമെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ ആഹ്വാനം ചെയ്തു. വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കി കൊവിഡ് സാഹചര്യത്തില്‍ വികേന്ദ്രീകൃതമായി ആസൂത്രണം നടത്തണമെന്നും മന്ത്രി പറഞ്ഞു. കൊവിഡ്, മഴക്കാല പൂര്‍വ ശുചീകണം എന്നിവയുമായി ബന്ധപ്പെട്ട് ഓണ്‍ലൈനായി നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.


കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റൊരു പകര്‍ച്ചവ്യാധി കൂടി ഉണ്ടാവാതെ നോക്കേണ്ടത് വളരെ പ്രധാനമാണ്. ഇതിന്റെ ഭാഗമായി തദ്ദേശ സ്ഥാപന തലത്തില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ വകുപ്പുകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, യുവജന-മഹിളാ-സന്നദ്ധ സംഘടനകള്‍, എന്‍എസ്എസ്, എന്‍സിസി, എസ്പിസി തുടങ്ങിയവര്‍, ക്ലബ്ബുകള്‍, വായന ശാലകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, നാട്ടുകാര്‍ എന്നിങ്ങനെ എല്ലാവരുടെയും സഹകരണം ഉണ്ടാവണം. വീട്ടുപരിസരങ്ങളില്‍ തുടങ്ങി പൊതു ഇടങ്ങള്‍ വരെ എല്ലാ സ്ഥലങ്ങളും മാലിന്യ മുക്തമാക്കുകയും കൊതുകുകള്‍ പെരുകുന്ന രീതിയില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുകയും ചെയ്യണം.


കൊവിഡ് കാലമായതിനാല്‍ പരമാവധി അഞ്ചുപേരടങ്ങുന്ന സംഘങ്ങളായി തിരിഞ്ഞ് ഓരോ വാര്‍ഡിലും വിവിധ കേന്ദ്രങ്ങളിലായാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ശുചീകരിച്ച ശേഷം മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌ക്കരിക്കപ്പെടുന്നുവെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടുപോവുന്നതായി യോഗം വിലയിരുത്തി. ആവശ്യത്തിന് ഓക്സിജന്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള കൊവിഡ് ചികിത്സാ സൗകര്യങ്ങള്‍ ജില്ലയിലുണ്ട്. ശക്തമായ ഇടപെടലുകളിലൂടെ ജില്ലയില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കാനും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചുകൊണ്ടുവരാനും സാധിച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലവിലെ 15ല്‍ നിന്ന് 10 ശതമാനത്തില്‍ താഴെയാക്കി കുറച്ചുകൊണ്ടുവരണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ജില്ലയിലെ പട്ടികജാതി പട്ടിക വര്‍ഗ കോളനികളിലും മറ്റും കഴിയുന്നവര്‍ക്ക് വാക്സിന്‍ നല്‍കുന്നതിന് മൊബൈല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ജില്ലയിലെ വിവിധ ആശുപത്രികളില്‍ അനുവദിക്കപ്പെട്ട ഓക്സിജന്‍ പ്ലാന്റുകളുടെ നിര്‍മാണം വേഗത്തിലാക്കണം. ആഗസ്തില്‍ കൊവിഡിന്റെ മൂന്നാം തരംഗം ഉണ്ടാവാനുള്ള സാധ്യതയാണ് മെഡിക്കല്‍ രംഗത്തുള്ളവര്‍ പങ്കുവയ്ക്കുന്നത്. ഇതുകൂടി കണക്കിലെടുത്തുള്ള ജാഗ്രതയും മുന്നൊരുക്കവും എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു.

യോഗത്തില്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍, ഡോ. വി ശിവദാസന്‍ എം പി, എംഎല്‍എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, അഡ്വ. സണ്ണി ജോസഫ്, കെ പി മോഹനന്‍, ടി ഐ മധുസൂദനന്‍, കെ വി സുമേഷ്, അഡ്വ. സജീവ് ജോസഫ്, എം വിജിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, എസ്പിമാരായ ആര്‍ ഇളങ്കോ (സിറ്റി), നവനീത് ശര്‍മ (റൂറല്‍), തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു