ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

ശബരിമല: മീനമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറന്ന് നെയ്ത്തിരി തെളിക്കും. ‌‌ഉപ ദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആ‍ഴിയില്‍ അഗ്നി പകരും.

നാളെ പുലർച്ചെ നിര്‍മ്മാല്യ ദര്‍ശനവും നെയ്യഭിഷേകവും നടക്കും. വരുന്ന അഞ്ച് ദിവസം ഉദയാസ്തമയപൂജ, 25കലശം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം, ലക്ഷാർച്ചന, സഹസ്രകലശം എന്നിവയുമുണ്ടാകും. 19-ാം തിയതി രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.

വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനെത്താം. നിലയ്ക്കലില്‍ സ്പോട്ട് ബുക്കിംഗ് സംവിധാനവും ഉണ്ട്. ശബരിമല ഉത്രം തിരുല്‍സവത്തിനായി ക്ഷേത്ര നട മാര്‍ച്ച് 26ന് തുറന്ന് ഏപ്രില്‍ 5ന് അടയ്ക്കും.