ശസ്ത്രക്രിയയ്ക്ക് വിധേയയായ മലയാളി യുവതി മംഗളൂരുവിലെ ആശുപത്രിയിൽ മരണപ്പെട്ട സംഭവത്തിൽ ഡോക്ടർമാർക്കെതിരെ ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ.
ശസ്ത്രക്രിയയ്ക്ക് വിധേയയായ മലയാളി യുവതി മംഗളൂരുവിലെ ആശുപത്രിയിൽ മരണപ്പെട്ട സംഭവത്തിൽ ഡോക്ടർമാർക്കെതിരെ ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ. ഡോക്ടർമാരുടെ അശ്രദ്ധ കാരണമാണ് യുവതി മരണമടഞ്ഞതെന്ന് ചൂണ്ടിക്കാട്ടി ആശുപത്രിക്കെതിരെ ബന്ധുക്കൾ പോലീസിൽ പരാതിപ്പെട്ടു. കാസർകോട് ചെറുവത്തൂർ പുതിയകണ്ടം സ്വദേശിനി ഇ. അംബിക (40) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ മാസം 24നാണ് ഗർഭപാത്രം നീക്കം ചെയ്യാൻ മംഗളൂരുവിലെ ആശുപത്രിയിൽ യുവതിയെ അഡ്മിറ്റ് ചെയ്തത്. 28ന് താക്കോൽ ദ്വാര ശസ്ത്രക്രിയ വഴി ഗർഭപാത്രം നീക്കം ചെയ്തു. അന്ന് തന്നെ വാർഡിലേക്ക് മാറ്റിയിരുന്നു. എന്നാൽ, അടുത്ത ദിവസം ഉച്ച മുതൽ തന്നെ യുവതി അസ്വസ്ഥകൾ പ്രകടിപ്പിച്ചു തുടങ്ങി. ശ്വാസ തടസം ഉണ്ടാകുകയും രക്തസമ്മർദ്ദം കുറയുകയും ചെയ്തതോടെ ബന്ധുക്കൾ ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. അതേസമയം, അത് ഗ്യാസ് സംബന്ധമായ പ്രശ്നമാണെന്നാണ് ഡോക്ടർമാർ ബന്ധുക്കളെ ധരിപ്പിച്ചത്.
ശാരീരിക ബുദ്ധിമുട്ടുകൾ കൂടിയതോടെ, യുവതിയെ സ്കാനിംഗിന് വിധേയമാക്കി. ഇതോടെ വീണ്ടും ശസ്ത്രക്രിയ ആവശ്യമാണെന്നും ഡയാലിസിസ് വേണമെന്നും ഡോക്ടർമാർ അറിയിക്കുകയായിരുന്നു. നില വഷളായതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച പുലർച്ചെ യുവതി മരണപ്പെട്ടു. സംഭവത്തിൽ സംശയം തോന്നിയ ബന്ധുക്കളും നാട്ടുകാരും രോഷാകുലരായി ചോദ്യം ചെയ്തതോടെ ഡോക്ടർമാർ സത്യാവസ്ഥ തുറന്നു പറഞ്ഞു. താക്കോൽ ദ്വാര ശസ്ത്രക്രിയക്കിടയിൽ ചെറു കുടലിനേറ്റ ദ്വാരം കാരണം മലമൂത്രാദികൾ ആന്തരികാവയവങ്ങളിൽ കൂടിച്ചേർന്നെന്നും ഇതേ തുടർന്ന് അണുബാധ ഉണ്ടാകുകയും ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്തുവെന്ന് ഡോക്ടർമാർ പറഞ്ഞു. ഇതോടെയാണ് ബന്ധുക്കൾ ഇവർക്കെതിരെ പരാതി നൽകിയത്.