ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി

മുംബൈ: ലഹരിമരുന്ന് കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ. ആഡംബര കപ്പലിലെ ലഹരിവേട്ടയ്ക്ക് പിന്നാലെയാണ് ആര്യൻ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസമാണ് ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ ആര്യൻ ഖാൻ അടക്കമുള്ളവരെ എൻ.സി.ബി. സംഘം കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ആര്യൻ ഖാന്റെ ഉറ്റസുഹൃത്ത് അർബാസ് മർച്ചന്റ്, നടിയും മോഡലുമായ മുൻമുൻ ധമേച്ച, നുപുർ സരിഗ, ഇസ്മീത്ത് സിങ്, മൊഹക് ജസ്വാൽ, വിക്രാന്ത് ഛോക്കർ, ഗോമിത് ചോപ്ര എന്നിവരെ കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്തെന്ന് എൻ.സി.ബി. നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൻമുൻ എന്നിവരെയാണ് കേസിൽ അറസ്റ്റ് ചെയ്തതെന്നാണ് പ്രാഥമിക റിപ്പോർട്ട്. എന്നാൽ ആര്യൻ ഉൾപ്പെടെ ഒമ്പത് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും വിവരങ്ങളുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.