സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇന്നു ചേരുന്ന ഉന്നതതല യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തും. പരീക്ഷ എത്രയും പെട്ടെന്ന് തുടങ്ങാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നതെന്നും മന്ത്രി അറിയിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം മാനിച്ച് പഠിക്കുന്നതിന് ഇടവേള നൽകിക്കൊണ്ടുള്ള ടൈംടേബിൾ തയ്യാറാക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. കുട്ടികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിൽ പരീക്ഷ നടത്താനുള്ള ഒരുക്കങ്ങളാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് മാത്രമല്ല തീരുമാനമെടുക്കേണ്ടത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിയുടെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങൾക്കനുസരിച്ചായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി