സംസ്ഥാനത്തെ സ്വർണക്കടത്ത് കുറ്റകൃത്യങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം
സംസ്ഥാനത്തെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം. മോഷണം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ക്രൈംബ്രാഞ്ച് സ്വമേധയ കേസെടുത്തു.
കരിപ്പൂർ സ്വർണക്കടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ സ്വർണക്കടത്ത് കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ഇത് സംബന്ധിച്ച എഫ്‌ഐആർ തയ്യാറായിട്ടുണ്ട്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്. പി കെ. വി. സന്തോഷ് കുമാറായിരിക്കും കേസ് അന്വേഷിക്കുക. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അടക്കം അന്വേഷണത്തിന്റെ ഭാഗമാകും.
സംസ്ഥാനത്തെ സ്വർണക്കടത്ത് മാഫിയകളുടെ പ്രവർത്തനങ്ങൾ ഗൗരവമായാണ് കാണുന്നതെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിരീക്ഷണത്തിന് നിയോഗിക്കുകയും ചെയ്തിരുന്നു.