സംസ്ഥാനത്ത് ഇത്തവണ ലഭിച്ചത് നാലിരട്ടി മഴ; കൂടുതൽ പെയ്തത് എറണാകുളത്ത്

കഴിഞ്ഞ 10 ദിവസത്തിനിടെ സംസ്ഥാനത്ത് സാധാരണ ലഭിച്ചതിനേക്കാൾ നാലിരട്ടി മഴയാണ് ലഭിച്ചത്. മെയ് 10 മുതൽ ഇന്നലെ വരെ 255.5 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.

അതേസമയം, ഇന്ന് സംസ്ഥാനത്തുടനീളം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.