സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കു സാധ്യത
അടുത്ത ഏതാനും മണിക്കൂറുകളിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യത. കാലവർഷം ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അറബിക്കടലിലെ മൺസൂൺ കാറ്റിൻറെ സ്വാധീനവും കേരളത്തിനു ചുറ്റുമുളള ചക്രവാതച്ചുഴിയുടെയും സ്വാധീനവുമാണു മഴയ്ക്ക് കാരണം.
അടുത്ത 5 ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ജൂൺ 3 വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. അടുത്ത 3-4 ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിൻറെ മറ്റ് ഭാഗങ്ങളിലേക്ക് എത്തും. സാധാരണ ഗതിയിൽ ജൂണ് ഒന്നിന് ആരംഭിക്കാനിരുന്ന കാലവർഷം മൂന്ന് ദിവസം മുമ്പ് തന്നെ കേരളത്തിൽ എത്തിയതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു.
കഴിഞ്ഞ 10 വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് ജൂൺ ഒന്നിന് മുമ്പ് മൺസൂൺ എത്തുന്നത്. 2017 ലും 2018 ലും ആയിരുന്നു സംഭവം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് ഒന്നിനും മെയ് 28നും ഇടയിൽ സംസ്ഥാനത്ത് 98% അധിക വേനൽമഴയാണ് ലഭിച്ചത്.