സംസ്ഥാനത്ത് കോളേജ് അധ്യാപക നിയമനത്തിനുള്ള പ്രായപരിധി ഒഴിവാക്കാന്‍ ആലോചന.

സംസ്ഥാനത്ത് കോളേജ് അധ്യാപക നിയമനത്തിനുള്ള പ്രായപരിധി ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.

പുതിയ നിയമന മാനദണ്ഡം സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിക്കും. ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്‍റെ ശിപാര്‍ശ പ്രകാരമാണ് പുതിയ നീക്കം

സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ അധ്യാപക നിയമനത്തിനുള്ള നിലവിലെ പ്രായപരിധി 40 വയസ്സാണ്. ഒ ബി സി വിഭാഗത്തില്‍ 43 വരെയും പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 45 വയസ് വരെയും അപേക്ഷിക്കാം. അസി. പ്രൊഫസര്‍ തസ്തികയിലേക്ക് ഗവേഷണ ബിരുദം ഉള്ളവര്‍ക്കാണ് മുന്‍ഗണന. കൂടാതെ പോസ്റ്റ് ഡോക്ടറല്‍ ബിരുദങ്ങളും നിയമനത്തിന് സഹായകമാകും. ഇത്തരം യോഗ്യതകള്‍ നേടുന്നതിന് കൂടുതല്‍ സമയം വേണ്ടതിനാല്‍ പലര്‍ക്കും പ്രായപരിധി ഒരു വില്ലനാകുന്നു. ഭൂരിഭാഗം പേര്‍ക്കും അപേക്ഷിക്കാന്‍ പോലും കഴിയുന്നില്ല എന്ന് കമ്മീഷന്‍്റെ ശിപാര്‍ശയില്‍ പറയുന്നു. കൂടാതെ പ്രായപരിധി ഒഴിവാക്കിയാല്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്നും നിര്‍ദേശത്തില്‍ ഉണ്ട്.

അസി. പ്രൊഫസര്‍ നിയമനത്തിനുളള യു.ജി.സി മാനദണ്ഡത്തിലും പ്രായപരിധി വേണമെന്ന് പറയുന്നില്ല. അതുകൊണ്ടുതന്നെ പ്രായപരിധി പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് കടക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. ശേഷം സര്‍വീസ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതടക്കമുളള തുടര്‍നടപടികളിലേക്ക് കടക്കും.