സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകേണ്ടെന്ന് തീരുമാനം. നിലവിലെ നിയന്ത്രണങ്ങൾ അതേപടി തുടരും. ക്രൈസ്തവ ദേവാലയങ്ങൾ ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിൽ ഞായറാഴ്ച പ്രാർഥന നടത്താൻ അനുമതിയുണ്ട്. ഒരേസമയം 15 പേർക്ക് ആരാധനാലയങ്ങളിൽ പ്രവേശിക്കാം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനാലാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാത്തത്.
ഞായറാഴ്ച പ്രാർഥനയ്ക്ക് പള്ളികൾക്ക് കൂടുതൽ ഇളവ് അനുവദിക്കണമെന്ന് ക്രൈസ്തവ സഭകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ടിപിആർ 10 ശതമാനത്തിന് മുകളിൽ തുടരുന്ന സാഹചര്യവും വാരാന്ത്യ ലോക്ഡൗണും കണക്കിലെടുത്താണ് കൂടുതൽ ഇളുവകൾ അനുവദിക്കാതിരുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്ത് ടിപിആർ എട്ട് ശതമാനത്തിൽ താഴെ എത്തുന്നതുവരെ നിലവിലെ നിയന്ത്രണങ്ങൾ അതേപടി തുടർന്നേക്കും. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകണോയെന്ന് തീരുമാനിക്കാൻ ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വീണ്ടും യോഗം ചേരും.