സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന പ്രദേശങ്ങളിലെ മുഴുവന്‍ വീടുകളിലും പരിശോധന നടത്തും

തിരുവനന്തപുരം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ എല്ലാ വീടുകളിലും പരിശോധന നടത്താൻ തീരുമാനം. ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തിൽ നടന്ന ഉന്നത തലയോഗത്തിലാണ് തീരുമാനമുണ്ടായത്.

ജില്ലാ ശരാശരിയേക്കാൾ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി ഉള്ള മേഖലകളിലാണ് പരിശോധന നടത്തുക. കോവിഡ് രണ്ടാംതരംഗത്തിൽ കേരളത്തിൽ കോവിഡ് വൈറസിനുണ്ടായ ജനിതകമാറ്റത്തെ കുറിച്ച് പഠിക്കാൻ ജീനോം പഠനം നടത്താനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനമായി കുറയ്ക്കുക ലക്ഷ്യത്തോടെ പ്രവർത്തിക്കാനും യോഗത്തിൽ തീരുമാനമായി. സംസ്ഥാനത്തെ ആശുപത്രികളിലെ ഐ.സി.യു., വെന്റിലേറ്റർ സൗകര്യം തൃപ്തികരമെന്നും യോഗം വിലയിരുത്തി.