സംസ്ഥാനത്ത് മൺസൂൺ എത്തി; എത്തിയത് 3 ദിവസം മുമ്പ്

കാലവർഷം സാധാരണയിൽ നിന്ന് മൂന്ന് ദിവസം മുമ്പായി കേരളത്തിൽ എത്തിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണയായി ജൂൺ ഒന്നിനാണ് കേരളത്തിൽ എത്താറുള്ളത്. 2022 മെയ് 29 നാണ് മൺസൂൺ എത്തിയതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മോഹപത്ര പറഞ്ഞു.

തെക്കുപടിഞ്ഞാറൻ കാലവർഷം സാധാരണയായി ജൂണ് ഒന്നിനാണ് കേരളത്തിൽ എത്താറുള്ളത്. എന്നാൽ ഇത്തവണ ഈ തീയതിക്ക് വിപരീതമായി കേരളത്തിൽ കാലവർഷം എത്തിയിരിക്കുകയാണ്. തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ ഇന്ത്യയുടെ കാർഷിക സമ്പദ്വ്യവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തുന്നു. ഇപ്പോൾ അത് മെയ് 29 ന് എത്തി,” മോഹപത്ര പറഞ്ഞു.

അതേസമയം, രണ്ടാഴ്ച മുമ്പ് ബംഗാൾ ഉൾക്കടലിൽ ആഞ്ഞടിച്ച അസനി ചുഴലിക്കാറ്റിന്റെ ഭാഗമായി മെയ് 27 ന് കേരളത്തിൽ മൺസൂൺ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ പ്രവചിച്ചിരുന്നു. എന്നാൽ, മെയ് 26 ഓടെ മൺസൂൺ എത്തുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് നേരത്തെ പറഞ്ഞിരുന്നു.