സംസ്ഥാനത്ത് ലോക്ഡൗൺ ആരംഭിച്ചു.
തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ഡൗൺ ആരംഭിച്ചു. കർശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രകൾ ഒഴിവാക്കണം. അത്യാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാൻ പോലീസ് പാസ് വേണം. ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ സത്യവാങ്മൂലം കൈയിൽ കരുതണം.
വിവാഹം, മരണാനന്തരച്ചടങ്ങുകൾ, രോഗിയായ ബന്ധുവിനെ സന്ദർശിക്കൽ, രോഗിയെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുക എന്നിവയ്ക്കുമാത്രമേ ജില്ലവിട്ടുള്ള യാത്ര അനുവദിക്കൂ. മരണാനന്തരച്ചടങ്ങുകൾ, വിവാഹം എന്നിവയ്ക്ക് കാർമികത്വംവഹിക്കേണ്ട പുരോഹിതന്മാർക്ക് നിയന്ത്രണമില്ല. സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയൽ കാർഡ്, ക്ഷണക്കത്ത് എന്നിവ കൈവശമുണ്ടാകണം. ഹോട്ടലുകൾക്ക് രാവിലെ ഏഴുമുതൽ രാത്രി 7.30 വരെ പാഴ്സൽ നൽകാം.
സെബിയുടെ അംഗീകാരമുള്ള ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, ധനകാര്യ സേവന സ്ഥാപനങ്ങൾ, കാപിറ്റൽ ആൻഡ് ഡെബ്റ്റ് മാർക്കറ്റ് സർവീസുകൾക്കും കോപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികൾക്കും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം.
രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ആശുപത്രിയിൽനിന്ന് നൽകുന്ന രേഖകൾ കാണിച്ചാൽ യാത്ര ചെയ്യാം. അഭിഭാഷകർക്കും ക്ലാർക്കുമാർക്കും നേരിട്ട് ഹാജരാകേണ്ട ഔദ്യോഗിക ആവശ്യങ്ങൾക്ക് യാത്ര ചെയ്യാം. ഭക്ഷണ, മെഡിക്കൽ വസ്തുക്കൾ പാക്കു ചെയ്യുന്ന വ്യവസായ യൂണിറ്റുകൾക്കും വിദേശത്തേക്കു സാധനങ്ങൾ അയയ്ക്കുന്ന യൂണിറ്റുകൾക്കും പ്രവർത്തിക്കാം.
ട്രാന്‍സ്പോർട്ട് വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ്, ഡയറി ഡവലപ്മെന്റ് വകുപ്പ്, നോർക്ക എന്നീ വകുപ്പുകളെ ലോക്ഡൗണിൽനിന്ന് ഒഴിവാക്കി. പെട്രോനെറ്റ്, എൽഎൻജി സപ്ലൈ, വിസ കോൺസുലർ സർവീസ്–ഏജൻസികൾ, റീജനൽ പാസ്പോർട്ട് ഓഫിസ്, കസ്റ്റംസ് സർവീസ്, ഇഎസ്ഐ തുടങ്ങിയ കേന്ദ്രസർക്കാർ വകുപ്പുകളെയും ലോക്ഡൗണിൽനിന്ന് ഒഴിവാക്കി.
.