സംസ്ഥാന വ്യാപക സൂചനാ പണിമുടക്ക് തുടങ്ങി

വകുപ്പിലെ പ്രൊമോഷന്‍ മാനദണ്ഡം പുന:പരിശോധിക്കണമെന്നും അന്യായമായ പ്രമോഷനുകള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥര്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സൂചനാ പണിമുടക്ക് തുടങ്ങി.

കേരള മോട്ടോര്‍ വാഹന വകുപ്പിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെ സംഘടനകളായ കേരള മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനും കേരള അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടേഴ്സ് അസോസിയേഷനും ചേര്‍ന്നാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

രാവിലെ 11 മണിക്ക് ജില്ലാ ആസ്ഥാനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ധര്‍ണകള്‍ നടന്നു. കൊവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരേയും അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരേയും സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും അവര്‍ കറുത്ത ബാഡ്ജ് ധരിച്ചാകും ഡ്യൂട്ടിക്ക് ഹാജരാകുന്നത്.

കഴിഞ്ഞ 9 ന് പ്രതിഷേധ ദിനം ആചരിച്ചെങ്കിലുംസര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചും പ്രശ്ന പരിഹാരത്തിന് ചര്‍ച്ചപോലും നടത്താതിരിക്കുന്ന സാഹചര്യത്തിലുമാണ് പ്രതിഷേധത്തിലേക്ക് കടന്നതെന്നാണ് സംഘടനാ ഭാരവാഹികള്‍ പറയുന്നത്. ഗതാഗത വകുപ്പില്‍ പത്താം ക്ലാസ് മാത്രം അടിസ്ഥാന യോഗ്യത യോഗ്യത ആവശ്യമുള്ള ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ച ഒരാള്‍ക്ക് ടെക്നിക്കല്‍/എക്സിക്യുട്ടീവ് സ്വഭാവം മാത്രം ഉള്ള ജോയിന്റ് ആര്‍ ടി ഒ മാരായി പ്രൊമോഷനാവാമെന്ന വ്യവസ്ഥക്കെതിരെയാണ് പ്രതിഷേധമെന്നും യാതൊരു വിധ ശാരീരിക യോഗ്യതകളും ട്രെയിനിംഗും ഇല്ലാതെ ഡിവൈ.എസ്.പി റാങ്കില്‍ യൂണിഫോമും നക്ഷത്രവും ധരിച്ച് പ്രവര്‍ത്തിക്കാന്‍ നല്‍കുന്ന പ്രമോഷനെയാണ് എതിര്‍ക്കുന്നതെന്നും സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു.

ഡ്രൈവിംഗ് ലൈസന്‍സ് പോലും ഇല്ലാതെ ഇവര്‍ക്കും ആര്‍ടിഓ, ഡിടിസി, സീനിയര്‍ ഡിടിസി, ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എന്നീ പോസ്റ്റ് വരെ എസ്എസ്എല്‍സി യോഗ്യതയില്‍ നിന്നും സ്ഥാനക്കയറ്റം ലഭിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പണിമുടക്കില്‍ പങ്കെടുക്കുന്ന സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

സമരക്കാര്‍ ഉന്നയിക്കുന്ന മറ്റു വിഷയങ്ങള്‍

രണ്ടു പേരില്‍ കൂടുതല്‍ മരണപ്പെട്ട അപകടങ്ങളുടെ പരിശോധനക്കും ടെക്‌നിക്കല്‍ ജോയിന്റ് ആര്‍ടിഒമാരുടെ സേവനം ആവശ്യമായി വരുന്നു.
20 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന നടത്താന്‍ ടെക്‌നക്കല്‍ ജോ.ആര്‍ടിഒ ഉള്ള ഓഫിസിലേക്ക് വാഹനം ഹാജരാക്കേണ്ടി വരുന്നു.
ഹെവി വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിനായി ടെക്‌നിക്കല്‍ ജോയിന്റ് ആര്‍ടിഒ ഉള്ള ഓഫീസില്‍ പോകാന്‍ നിര്‍ബന്ധിതരാകുന്നു.
റോഡ് സുരക്ഷ കൗണ്‍സില്‍, ആര്‍ടിഎ ബോര്‍ഡ്, ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തുടങ്ങി സുപ്രധാന യോഗങ്ങളില്‍ സാങ്കേതിക കാര്യങ്ങളില്‍ ആധികാരികമായി മറുപടി നല്‍കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നു. റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിലും പാളിച്ചകള്‍ വരുന്നു.
കീഴുദ്യോഗസ്ഥര്‍ക്ക് വാഹന പരിശോധനയില്‍ സംഭവിക്കാവുന്ന തകരാറുകള്‍ ചൂണ്ടിക്കാണിക്കാനും, സൂപ്പര്‍ ചെക്ക് നടത്താനും അപ്പീലില്‍ തീരുമാനമെടുക്കാനും കഴിയാതാകുന്നു.
കീഴുദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ മുതലായവര്‍ നല്‍കിയ ചാര്‍ജ് മെമോയില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യേണ്ടി വരുമ്പോള്‍ ഡ്രൈവിങ്ങിലുള്ള പോരായ്മയാണോ, അശ്രദ്ധയാണോ കാരണമെന്ന് വ്യക്തമായി വിശദീകരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുന്നു.
മിനിസ്റ്റീരിയല്‍ ജോയിനറ് ആര്‍ടിഒ മാര്‍ സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിക്കുന്ന രേഖകള്‍ ഉണ്ട് എന്ന് ഉറപ്പ് വരുത്താതെ താല്‍ക്കാലിക റജിസ്‌ട്രേഷന്‍ അനുവദിക്കുകയും എഎംവിഐ വാഹന റജിസ്‌ട്രേഷന്‍ സമയത്ത് പരിശോധിക്കുമ്പോള്‍ അത് മനസിലാക്കി റദ്ദാക്കേണ്ടി വരികയും ചെയ്യുന്നു.
അപകടകരമായ പാലങ്ങള്‍, റോഡുകള്‍, മറ്റു വളവുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സാങ്കേതിക പരിശോധന നടത്തേണ്ട കമ്മറ്റികളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു

Leave a Reply

Your email address will not be published. Required fields are marked *