സന്തോഷ് ട്രോഫി വിജയിച്ച ടീം അംഗങ്ങൾക്ക് സംസ്ഥാന സർക്കാരിന്‍റെ ആദരം.

സന്തോഷ് ട്രോഫിവിജയിച്ച ടീം അംഗങ്ങൾക്ക്സംസ്ഥാന സർക്കാരിന്‍റെ ആദരം. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ 5 ലക്ഷം കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍വിശദീകരിച്ചു.

മലപ്പുറത്ത് നടന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ ബംഗാളിനെ തകർത്താണ് കേരളം കിരീടം സ്വന്തമാക്കിയത്. ഏഴാം കിരീടം കേരളത്തിന് സമ്മാനിച്ച താരങ്ങളെ സംസ്ഥാന സർക്കാർ ആദരിച്ചു. സംസ്ഥാനത്തെ ഫുട്ബോളിന്‍റെ വളർച്ചയ്ക്ക് വമ്പൻ പദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നത്. അഞ്ച് മുതൽ 13 വയസുവരെയുള്ള അഞ്ച് ലക്ഷം കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകുന്ന ഗോൾ പദ്ധതിയുടെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

മുൻ ഫുട്ബോൾ താരങ്ങളെയും പരിശീലകരെയും ഉൾപ്പെടുത്തി സ്കൂൾ തലത്തിലാണ് പദ്ധതി. ജില്ലാ സ്പോർട്സ് കൗൺസിലുകൾക്കാണ് ചുമതല. പഞ്ചായത്ത് തലത്തിൽ സ്പോർട്സ് കൗൺസിൽ രൂപീകരിച്ച് പ്രവർത്തനം വിപുലീകരിക്കും. ഓൾഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍റെയും ഫിഫയുടെയും സഹായവും പദ്ധതിക്ക് ലഭിക്കും. പ്രാദേശിക ലീഗ് മത്സരങ്ങളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.

സന്തോഷ് ട്രോഫി ജേതാക്കളായ 15 കായിക താരങ്ങൾക്കും സർക്കാർ ജോലി വേണമെന്ന് ചടങ്ങിനിടെ ക്യാപ്റ്റൻ ജിജോ ജോസഫ് ആവശ്യപ്പെട്ടു. എല്ലാവർഷവും 50 കായികതാരങ്ങൾക്ക് സ‍ർക്കാർ ജോലി നൽകുന്നുണ്ടെന്നും അടുത്തവർഷം താരങ്ങളുടെ അപേക്ഷ പരിഗണിച്ച് ജോലി ഉറപ്പാക്കുമെന്നും കായികമന്ത്രി വി.അബ്ദുറഹ്മാൻ അറിയിച്ചു.