സമ്പൂർണ ലോക്ഡൗണുമായി ബന്ധപ്പെട്ട മാർഗരേഖ പുറത്തിറങ്ങി.

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ഏർപ്പെടുത്തുന്ന സമ്പൂർണ ലോക്ഡൗണുമായി ബന്ധപ്പെട്ട മാർഗരേഖ പുറത്തിറങ്ങി. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാത്രി 7.30 വരെ പ്രവർത്തിക്കാമെന്ന് മാർഗരേഖ വ്യക്തമാക്കുന്നു. എല്ലാ കടകളും പരമാവധി ഹോം ഡെലിവറി സംവിധാനം ഏർപ്പെടുത്തണം. പെട്രോൾ പമ്പുകൾ, കോൾഡ് സ്റ്റോറേജുകൾ, സുരക്ഷാ ഏജൻസികൾ എന്നിവയ്ക്കും പ്രവർത്തിക്കാം. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്.

കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകളിൽ അവശ്യ സേവനങ്ങൾ നൽകുന്നവ മാത്രമെ പ്രവർത്തിക്കൂ. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണം. ട്രെയിനിങ്, റിസർച്ച്, കോച്ചിങ് സെന്ററുകളെല്ലാം ഇതിൽ ഉൾപ്പെടും.

എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. റെയിൽ, വിമാന സർവീസുകൾ ഒഴികെയുള്ള ഗതാഗതം അനുവദിക്കില്ല. ബാങ്കുകൾ രാവിലെ 10 മുതൽ ഒരു മണിവരെ പൊതുജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കും.

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ പ്രതിരോധം, കേന്ദ്ര സായുധ പോലീസ്, ട്രഷറി, പെട്രോളിയം, സിഎൻജി, എൽഎൻജി സേവനങ്ങൾ, ദുരന്ത നിവാരണം, ഊർജ ഉത്പാദനം – വിതരണം, പോസ്റ്റൽ വകുപ്പ്, പോസ്റ്റ് ഓഫീസുകൾ, നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ, എഫ്.സിഐ, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ, കേന്ദ്ര ജല കമ്മീഷൻ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയർപോർട്ട്, സീപോർട്, റെയിൽവെ തുടങ്ങിയവയുമായി ബന്ധപ്പെട്ടവയ്ക്ക് പ്രവർത്തിക്കാം.

സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ ആരോഗ്യം, ആയുഷ്, റെവന്യൂ, തദ്ദേശ സ്വയംഭരണം, ഭക്ഷ്യ സിവിൽ സപ്ലൈസ്, വ്യവസായം – തൊഴിൽ വകുപ്പുകൾ, മൃഗശാല, കേരള ഐ.ടി മിഷൻ, ജലസേചനം, വെറ്ററിനറി സേവനങ്ങൾ, സാമൂഹ്യ നീതി വകുപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, പ്രിന്റിങ്, ഇൻഷുറൻസ് മെഡിക്കൽ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടവയ്ക്ക് പ്രവർത്തിക്കാം.

പോലീസ്, എക്സൈസ്, ഹോം ഗാർഡുകൾ, സിവിൽ ഡിഫൻസ്, അഗ്നിശമന സേന, ദുരന്ത നിവാരണസേന, വനം വകുപ്പ്, ജയിൽ വകുപ്പ് എന്നിവയ്ക്ക് പ്രവർത്തിക്കാം. ജില്ലാ കളക്ടറേറ്റുകളും ട്രഷറിയും പ്രവർത്തിക്കും.

വൈദ്യുതി, ജലവിതരണം, ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും അനുവദിച്ചിട്ടുണ്ട്.

എന്നാൽ മേൽപ്പറഞ്ഞ സ്ഥാപനങ്ങൾ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടല്ല പ്രവർത്തിക്കുന്നതെങ്കിൽ ജീവനക്കാരുടെ എണ്ണം പരമാവധി കുറയ്ക്കണം.