സാന്ത്വന സ്‌പര്‍ശം അദാലത്ത്; പരാതികള്‍ സ്വീകരിക്കാന്‍ ഒരുക്കിയത് ഇരുപതോളം സ്റ്റാളുകള്‍
മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന സാന്ത്വന സ്‌പര്‍ശം അദാലത്തിന്റെ ഭാഗമായി കണ്ണൂര്‍, തലശ്ശേരി താലൂക്കുകളുടെ നേരിട്ടുള്ള പരാതികള്‍ സ്വീകരിക്കാനായി കണ്ണൂര്‍ മുനിസിപ്പല്‍ സ്‌കൂളില്‍ ഒരുക്കിയത് ഇരുപതോളം സ്റ്റാളുകളാണ്. ആരോഗ്യവകുപ്പ്, സിവില്‍ സപ്ലൈസ്, സാമൂഹ്യ നീതി വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനം, ഫിഷറീസ്, റവന്യൂ, വ്യവസായ വകുപ്പ്, ബാങ്ക്, പ്രവാസി, മൃഗസംരക്ഷണം, ലൈഫ്, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെ കൗണ്ടറുകളാണ് പ്രവര്‍ത്തിച്ചത്. ഇരു താലൂക്കുകളില്‍ നിന്ന് എത്തുന്നവര്‍ക്കായി പ്രത്യേകം പ്രത്യേകം സ്റ്റാളുകള്‍ ഒരുക്കിയിരുന്നു.
നേരത്തേ ഓണ്‍ലൈനായി ലഭിച്ച പരാതികള്‍ക്കു പുറമെ, പുതുതായി ലഭിക്കുന്ന വിവിധ പരാതികള്‍ വകുപ്പ് തിരിച്ച് ബന്ധപ്പെട്ട കൗണ്ടറിലേക്ക് അയക്കുകയായിരുന്നു ആദ്യഘട്ടത്തില്‍ ചെയ്‌തത്. ബന്ധപ്പെട്ട വകുപ്പിന്റെ കൗണ്ടറില്‍ നിന്ന് ഉദ്യോഗസ്ഥ തലത്തില്‍ പരിഹരിക്കാന്‍ കഴിയുന്നവ അവിടെ വച്ചു തന്നെ പരിഹരിക്കും. മന്ത്രിമാരുടെ ഇടപെടല്‍ ആവശ്യമായ പരാതികള്‍ അവരുടെ അടുക്കലേക്ക് അയക്കുകയുമാണ് ചെയ്‌തത്. ടോക്കണ്‍ നല്‍കിയാണ് പരാതിക്കാര്‍ക്ക് മന്ത്രിമാരെ കാണാനുള്ള അവസരം നല്‍കിയത്. ഇതിനായി ഇരു താലൂക്കുകളുടെയും പ്രത്യേക ഡെസ്‌ക്കുകളും പ്രവര്‍ത്തിച്ചിരുന്നു.
ആരോഗ്യ വകുപ്പിന്റെ സ്റ്റാളില്‍ പ്രത്യേക മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമാക്കിയിരുന്നു. ധന സഹായത്തിനുള്ള അപേക്ഷകളാണ് ഇവര്‍ക്ക് കൂടുതലായും ലഭിച്ചത്. ധനസഹായം ലഭിക്കുന്നതിലുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ മെഡിക്കല്‍ ടീം പരിശോധിച്ച് അവിടെ വച്ച് തീരുമാനമെടുക്കാന്‍ കഴിയുന്നവ അങ്ങനെയും അല്ലാത്ത അപേക്ഷകള്‍ മന്ത്രിയുടെ പരിഗണനയ്‌ക്കായി നല്‍കുകയും ചെയ്‌തു.