സാമ്പത്തികമായി ശ്വാസം മുട്ടിക്കാന്‍ കേന്ദ്രം ശ്രമിച്ചാല്‍ അതിനെതിരെ ശക്തമായ ജനരോഷം ഉയരും:മുഖ്യമന്ത്രി
കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാന്‍ കേന്ദ്രം ശ്രമിച്ചാല്‍ അതിനെതിരെ ശക്തമായ ജനരോഷം ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഐ എം കോഴഞ്ചേരി ഏരിയ കമ്മിറ്റിയുടെ പുതിയ ഓഫീസ് മന്ദിരം ആറന്മുളയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ കുറച്ചു നാളുകളായി ഇത്തരത്തില്‍ സംസ്ഥാനത്തെ ശ്വാസംമുട്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. രാജ്യത്ത് ബദല്‍ നയം നടപ്പാക്കുന്ന ഏക സംസ്ഥാനമാണ് കേരളം. ആ സംസ്ഥാനത്തെ ഏതുവിധേനയും പ്രതിസന്ധിയിലാക്കാനാണ് നിരന്തരമായി കേന്ദ്രം ശ്രമിക്കുന്നത്.സംസ്ഥാനത്തിന് അര്‍ഹമായി കിട്ടേണ്ടത് മാത്രമാണ് നാം ആവശ്യപ്പെടുന്നത്. അത് നിഷേധിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. കേന്ദ്രത്തിന്റെ ഈ നിലപാട് ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. വരും നാളുകളില്‍ ഇതിനെതിരെ ശക്തമായ ജനരോഷം തെക്ക് മുതല്‍ വടക്ക് വരെ സംസ്ഥാനത്ത് ഉയര്‍ന്ന് വരും. സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടക്കുന്ന സംസ്ഥാന ജാഥയും ഇതിന്റെ ഭാഗമായാണ്.
കേന്ദ്ര സര്‍ക്കാര്‍ അര്‍ഹമായ തൊഴിലവസരം നിഷേധിക്കുന്നു, പൊതു മേഖലകള്‍ വിറ്റുതുലയ്ക്കുന്നു. അതിനു വിപരീതമായി അര്‍ഹരായവര്‍ക്കെല്ലാം ക്ഷേമപെന്‍ഷനുകള്‍ എല്ലാ മാസവും സംസ്ഥാനത്ത് നല്‍കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ ചേര്‍ത്തുപിടിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. കേന്ദ്രത്തില്‍ യുപിഎസ് സി നടത്തിയ നിയമനങ്ങളേക്കാള്‍ അധികം നിമയനങ്ങള്‍ കേരളത്തില്‍ പിഎസ് സി മുഖേന നടപ്പാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് പരമ ദരിദ്രരെ കണ്ടെത്തി അവരെയും ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത്തരത്തില്‍ 64,000 പേരുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി മാത്രം നയങ്ങള്‍ നടപ്പാക്കുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന് ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. ഇത്തരത്തില്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി നയങ്ങള്‍ നടപ്പാക്കുന്ന കേരള സര്‍ക്കാരിനെ തകര്‍ക്കാനും പ്രതിസന്ധിയിലാക്കാനുമാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.