സിദ്ദിഖ് കാപ്പനെ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്

ന്യൂഡൽഹി:സിദ്ധീഖ് കാപ്പനെ ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീംകോടതി നിർദ്ദേശം. എയിംസിലേക്കോ ആർഎംഎൽ ആശുപത്രിയിലേക്ക് മാറ്റണം. കാപ്പന് അടിയന്തര ചികിത്സ നൽകണമെന്ന ഹർജിയിലാണ് നിർദ്ദേശം. ചികിത്സയ്ക്കുശേഷം ജാമ്യത്തിനായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാം.

കാപ്പനെ ഡൽഹിയിലേക്ക് മാറ്റുന്നതാണ് നല്ലതെന്ന കോടതി നിരീക്ഷണത്തെ യുപി സർക്കാർ ശക്തമായി എതിർത്തിരുന്നു. ഡൽഹിയിൽ കോവിഡ് സാഹചര്യം രൂക്ഷമാണെന്നും ആശുപത്രി കിടക്ക പോലും ലഭിക്കാൻ ബുദ്ധിമുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. മഥുരയിൽ കാപ്പന് മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും ഡൽഹിയിലേക്ക് മാറ്റിയാൽ തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നും സോളിസറ്റർ ജനറൽ ചൂണ്ടിക്കാണിച്ചു. എന്നാൽ ഈ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. തുടർന്നാണ് യുപി സർക്കാരിന്റെ നിലപാട് തേടിയ ശേഷം കാപ്പനെ ഡൽഹിയിലേക്ക് മാറ്റണമെന്ന് ഉത്തരവിട്ടത്.