സിവില്‍ സ്‌റ്റേഷനില്‍ നിന്ന് കസ്റ്റഡിയിലായിരുന്ന സ്വര്‍ണം കാണാതായി

തിരുവനന്തപുരം കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിൽ ആർ.ഡി.ഒ.യുടെ കസ്റ്റഡിയിലായിരുന്ന സ്വർണം കാണാതായി. സ്വർണത്തിന്റെ സംരക്ഷണച്ചുമതല സീനിയർ സൂപ്രണ്ടിനായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പേരൂർക്കട പൊലീസ് കേസെടുത്തു. തർക്ക വസ്തുക്കളിൽ നിന്നും അജ്ഞാത മൃതദേഹങ്ങളിൽ നിന്നുമുള്ള സ്വർണമാണ് ആർഡിഒ ഓഫീസിൽ സൂക്ഷിച്ചിരുന്നത്.

സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകൾ സബ് കളക്ടർ ജില്ലാ കളക്ടർക്ക് മുമ്പാകെ സമർപ്പിച്ചു. ഇതേതുടർന്നാണ് കളക്ടർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതുമായി ബന്ധപ്പെട്ട് തുടരന്വേഷണം നടത്താൻ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്, സബ് കളക്ടർ, ഡെപ്യൂട്ടി കളക്ടർ എന്നിവരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കാനും തീരുമാനമായി.

2010 നും 2019 നും ഇടയിൽ വിവിധ കേസുകളിലെ സ്വത്തുക്കളിൽ നിന്നാണ് നഷ്ടം ഉണ്ടായതെന്നും അതിനാൽ ഈ കാലയളവിൽ കസ്റ്റോഡിയൻമാർക്കെതിരെ വിശദമായ അന്വേഷണം നടത്തുമെന്നും സൂചനയുണ്ട്.