സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ്​ പരീക്ഷ ഫലം ജൂലൈ 31നകം

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ്​ ഓഫ്​ സെക്കന്‍ഡറി എജൂക്കേഷന്‍ (സി.ബി.എസ്​.ഇ) പന്ത്രണ്ടാം ക്ലാസ്​ പരീക്ഷ മാനദണ്ഡം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. 12ാം ക്ലാസ്​ പരീക്ഷ റദ്ദാക്കിയതിന്​ പിന്നാലെ വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയം 10,11,12 ക്ലാസുകളിലെ പരീക്ഷാഫലത്തിന്‍റെ ആകെത്തുകയെന്ന നിലയിലാകും കണക്കാക്കുക.

10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്കും 12ാം ക്ലാസിലെ പ്രകടന മികവും അടിസ്​ഥാനമാക്കിയാകും ഫലം നിര്‍ണയിക്കുക.

12ാം ക്ലാസിലെ പ്രീ ബോര്‍ഡ്​ പരീക്ഷക്ക്​ 40 ശതമാനം വെയിറ്റേജ്​ നല്‍കും. കൂടാതെ 30 ശതമാനം മാര്‍ക്ക്​ 11ാം ക്ലാസിലെ മാര്‍ക്കിന്‍റെ അടിസ്​ഥാനത്തിലാകും. 30 ശതമാനം മാര്‍ക്ക്​ 10ാം ക്ലാസിലെ മാര്‍ക്കിന്‍റെയും അടിസ്​ഥാനമാക്കിയാകും.

അഞ്ച്​ പ്രധാനവിഷയങ്ങളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്​ നേടിയ മൂന്ന്​ വിഷയങ്ങളുടെ ശരാശരി പരിഗണിച്ചായിരിക്കും ​ വെയിറ്റേജ്​ നല്‍കുക. തിയറി പരീക്ഷകളുടെ മാര്‍ക്കുകളാണ്​ ഇത്തരത്തില്‍ നിര്‍ണയിക്കുക. പ്രാക്​ടിക്കല്‍ പരീക്ഷകളുടേത്​ സ്​കൂളുകള്‍ സമര്‍പ്പിക്കണം.

ഫലനിര്‍ണയം നിരീക്ഷിക്കാന്‍ ഒരു സമിതിയെ നിരീക്ഷിക്കും. സ്​കൂളുകള്‍ മാര്‍ക്ക്​ കൂട്ടി നല്‍കുന്നത്​ ഒഴിവാക്കുന്നത്​ നിരീക്ഷിക്കാനാണ്​ സമിതി. ഇതേ രീതിയില്‍ മൂല്യനിര്‍ണയം നടത്തി ജൂലൈ 31നകം ഫലം പ്രഖ്യാപിക്കാനാണ്​ തീരുമാനമെന്നും കേ​ന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.